ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം; സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്നും ബ്രിട്ടണ്‍

ലണ്ടന്‍: നിയന്ത്രണരേഖ ലംഘിച്ച് പ്രകോപനം നടത്തുന്നത് ഇന്ത്യയും പാകിസ്താനും അവസാനിപ്പിക്കണമെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടണ്‍. ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.

ഇരുരാജ്യങ്ങളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗത്തിലൂടെയും മേഖലയിലെ സമാധാനം ഉറപ്പാക്കണമെന്ന് തെരേസ മേ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പൗരന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും തെരേസ മേ പറഞ്ഞു.

പ്രകോപനം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇതിനു മുന്‍പ് ചൈനയും അമേരിക്കയും ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Exit mobile version