യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ കുറച്ച് പക്വത കാട്ടണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി; സമാധാനത്തിന് വേണ്ടിയാണ് പാകിസ്താന്റെ ശ്രമമെന്നും അവകാശവാദം

ഇസ്ലാമാബാദ്: പാകിസ്താനുമായുള്ള യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ കുറച്ചുകൂടി പക്വത കാണിക്കണമെന്ന് പാകിസ്താനിലെ ഭരണകക്ഷിയായ തെഹ്രീക്-ഇ-ഇന്‍സാഫ്. ‘സമാധാനത്തിനായി ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ അക്രമം അഴിച്ചു വിടുകയായിരുന്നു. ഒരു പരമാധികാര രാഷ്ട്രം എന്ന നിലയില്‍ ഞങ്ങളുടെ രാജ്യവും വ്യോമ മേഖലയും സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഞങ്ങളുമായി യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ കുറച്ചു കൂടി പക്വത കാട്ടേണ്ടിയിരിക്കുന്നു’.. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക്-ഇ-ഇന്‍സാഫ് ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.

നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആക്രമണവും പ്രത്യാക്രമണവും ശക്തമായ സാഹചര്യത്തിലാണ് തെഹ്രീക്-ഇ-ഇന്‍സാഫിന്റെ ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം, ഇന്ന് രാവിലെ മുതല്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന പാകിസ്താന്‍ ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയതായി അവകാശപ്പെടുന്നുണ്ട്.

Exit mobile version