12 മിറാഷ് വിമാനങ്ങളും,3 സുഖോയും, 5 മിഗ് വിമാനങ്ങളും; ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ മിറാഷ് 2000 മാത്രമല്ല പങ്കെടുത്തത്; വെളിപ്പെടുത്തി വിദേശ മാധ്യമപ്രവര്‍ത്തകന്‍

ഇന്ത്യ പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മിറാഷ് മാത്രമല്ല, സുഖോയ്, മിഗ് യുദ്ധവിമാനങ്ങളും പങ്കെടുത്തുവെന്ന് വിദേശ മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. പ്രതിരോധ വൃത്തങ്ങളില്‍നിന്നാണ് ഇക്കാര്യം താനറിഞ്ഞതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആക്രമണം 21 മിനുട്ട് നീണ്ടുനിന്നു എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ദി ഡിപ്ലോമാറ്റ് എന്ന മാധ്യമത്തിന്റെ സീനിയര്‍ എഡിറ്റര്‍ ഫ്രാന്‍സ് സ്റ്റെഫാന്‍ ഗാഡിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

സ്റ്റെഫാന്‍ ഗാഡിയുടെ ചിത്രങ്ങളും എഴുത്തും ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി, വാള്‍സ്ട്രീറ്റ് ജേണല്‍, അല്‍ജസീറ എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. വിവിധ യുദ്ധ മേഖലകളിലെ റിപ്പോര്‍ട്ടുകള്‍ ഇദ്ദേഹം ആധികാരികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. അതിനാല്‍ ഇദ്ദേഹത്തിന്റെ വാക്കുകളെ വിശ്വസിക്കാമെന്നാണ് പൊതുധാരണ.

മൂന്ന് സുഖോയ് വിമാനങ്ങളും അഞ്ച് മിഗ് വിമാനങ്ങളുമാണ് മിറാഷ് വിമാനങ്ങളെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് പ്രവേശിച്ചോ എന്ന് വ്യക്തമല്ല. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. അതിര്‍ത്തി കടന്ന് പാക് അധിനിവേശ കശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ തീവ്രവാദ കേന്ദ്രങ്ങളിലേക്ക് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് 1000 കിലോ സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കുകയായിരുന്നു.

Exit mobile version