പുല്‍വാമ ഭീകരാക്രമണം; ഇന്ത്യാ-പാകിസ്താന്‍ ബന്ധം അപകടകരമാം വിധം വഷളായി; ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന സൂചനയുമായി ട്രംപ്

ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് പരിഹരിക്കാന്‍ യുഎസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

വാഷിംങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് പരിഹരിക്കാന്‍ യുഎസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. 50 ഓളം പേരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. തനിക്കും അക്കാര്യം മനസിലാകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായും യുഎസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, പുല്‍വാമയില്‍ 40സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ യുഎന്‍ രക്ഷാസമിതി കടുത്തഭാഷയില്‍ അപലപിച്ചു.

ഭീരുത്വം നിറഞ്ഞതും ഹീനവുമായ ആക്രമണമാണിതെന്ന് സുരക്ഷാസമിതി ഒറ്റക്കെട്ടായി പിന്തുണച്ച പ്രമേയത്തില്‍ പറയുന്നു. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പേരെടുത്തുപറയുന്ന പ്രമേയത്തെ ചൈനയടക്കം രക്ഷാസമിതിയിലെ 15 രാജ്യങ്ങളും പിന്തുണച്ചു.

Exit mobile version