അമേരിക്കയിലെ വ്യാജ സര്‍വ്വകലാശാല പ്രവേശനം; തട്ടിപ്പിനിരയായ 30 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മടങ്ങി

യു.എസില്‍ അറസ്റ്റിലായ 129 വിദ്യാര്‍ഥികളും തെലങ്കാന, ആന്ധ്രസ്വദേശികളാണ്

ഹൈദരാബാദ്: വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിനെ തുടര്‍ന്ന് 129 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യു.എസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍, ആന്ധ്രതെലങ്കാന സ്വദേശികളായ 30 വിദ്യാര്‍ഥികള്‍ കൂടി അമേരിക്കയില്‍ നിന്ന് മടങ്ങി.

തിരികെ മടങ്ങിയ മുപ്പത് വിദ്യാര്‍ത്ഥികളും വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം തേടിയിരുന്നുവെന്നും എന്നാല്‍ ഇവര്‍ക്കെതിരെ നോട്ടീസോ അറസ്റ്റ് വാറണ്ടോ ഉണ്ടായിട്ടില്ലെന്നും അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തെലുഗു സംഘടന അറിയിച്ചു. തിരികെ പോരുക എന്നതാണ് ഇവര്‍ക്ക് മുന്നിലുള്ള സുരക്ഷിതമായ ഏറ്റവും നല്ല മാര്‍ഗമെന്നും സംഘടന വ്യക്തമാക്കി.

യു.എസില്‍ അറസ്റ്റിലായ 129 വിദ്യാര്‍ഥികളും തെലങ്കാന, ആന്ധ്രസ്വദേശികളാണ്. ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്. യു.എസ് അധികൃതര്‍ രൂപീകരിച്ച വ്യാജ സര്‍വകലാശാലയില്‍ 600 വിദ്യാര്‍ഥികളാണ് പേര് രജിസ്റ്റര്‍ ചെയ്തത്.

അതില്‍ 90 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളും, അവരില്‍ 80 ശതമാനവും ആന്ധ്ര തെലങ്കാന സ്വദേശികളുമാണെന്നുമാണ് റിപ്പോര്‍ട്ട്. വിസ തട്ടിപ്പില്‍ റിക്രൂട്ടര്‍മാറായി പ്രവര്‍ത്തിച്ച എട്ട് വിദ്യാര്‍ഥികളും അറസ്റ്റിലായിട്ടുണ്ട്.

Exit mobile version