വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചേക്കും; തടയിടാന്‍ കര്‍ശന നടപടികളുമായി ഫേസ്ബുക്ക്

തെരഞ്ഞെടുപ്പ് അട്ടിമറിയുടെ കരിനിഴല്‍ മേല്‍വന്നു പതിക്കാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തി ഫേസ്ബുക്ക്.

ന്യൂയോര്‍ക്ക്: ഇനി തെരഞ്ഞെടുപ്പ് അട്ടിമറിയുടെ കരിനിഴല്‍ മേല്‍വന്നു പതിക്കാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തി ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും നിരീക്ഷിക്കാന്‍ പ്രത്യേക സമിതിക്ക് കമ്പനി രൂപം നല്‍കി. കമ്പനി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിലേക്ക് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്.

മെന്‍ലോ പാര്‍ക്ക് ആസ്ഥാനത്തെ യുദ്ധമുറിയിലെ മോണിട്ടറിലേക്ക് എത്തുന്ന വിവരങ്ങളില്‍ കണ്ണും നട്ടിരിക്കുകയാണ് വിദഗ്ധരുടെ സംഘം. ഡേറ്റാ സയന്റിസ്റ്റുകള്‍, നിയമവിദഗ്ധര്‍, സോഫ്റ്റ് വെയര്‍ എഞ്ചീനീയര്‍മാര്‍ എന്നിങ്ങനെ വിവിധ മേഖലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സംഘാംഗങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഫേസ്ബുക്ക് ഉപയോഗിക്കപ്പെട്ടു എന്ന പേരുദോഷം മാറ്റുകയാണ് ഇവരുടെ ലക്ഷ്യം. വാര്‍ റൂമിലെ വിദഗ്ധരെ കൂടാതെ 20,000 സുരക്ഷാ ജീവനക്കാര്‍ ഫേസ്ബുക്കില്‍ വേറെയും ഉണ്ട്. ഇവര്‍ക്കൊപ്പം കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ കൂടി ചേരുന്നതോടെ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മറികടക്കാമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്.

അമേരിക്കയിലും ബ്രസീലിലും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നില്ലാന്ന് ഉറപ്പാക്കുകയാണ് വാര്‍ റൂമിന്റെ ആദ്യ കടമ്പ. വ്യാജ വിവരങ്ങള്‍ തടയുക, വിവരങ്ങള്‍ ചോരാതെ നോക്കുക എന്നതാണ് വാര്‍ റൂമിലെ പടയാളികള്‍ക്ക് മുന്നിലെ വെല്ലുവിളി.

Exit mobile version