‘ബീഫ് കറന്‍സി’; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ ഓസ്‌ട്രേലിയയിലും

'ബീഫ് വിമുക്ത കറന്‍സികള്‍' അച്ചടിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധിച്ചു.

സിഡ്‌നി: ഓസ്ട്രേലിയയില്‍ കറന്‍സിയില്‍ കന്നുകാലികളുടെ ഇറച്ചിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കൊഴുപ്പടങ്ങിയ ഘടകം ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്. ‘ബീഫ് വിമുക്ത കറന്‍സികള്‍’ അച്ചടിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധിച്ചു.

പുതിയ ഡിസൈനിലുള്ള അഞ്ച്, പത്ത്, അന്‍പത് ഡോളറുകളുടെ നോട്ടുകളാണ് അടുത്തിടെ ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. ഇരുപത്, നൂറ് ഡോളറുകളുടെ നോട്ടുകള്‍ കൂടി ഉടന്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. പ്ലാസ്റ്റിക് കറന്‍സി നോട്ടുകളുടെ നിര്‍മ്മാണത്തില്‍ ഘര്‍ഷണം കുറയ്ക്കുന്നതിനുള്ള സ്ലിപ് ഏജന്റായി മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിരുന്നു.

ബീഫിന് പുറമെ പന്നി, ആട് തുടങ്ങിയവയുടെ കൊഴുപ്പും ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. നോട്ടിന്റെ ഘടകങ്ങളുടെ ഒരു ശതമാനത്തോളം ഇത്തരം കൊഴുപ്പാണെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്.

എന്നാല്‍ റിസര്‍വ് ബാങ്ക് ഹിന്ദുക്കളുടെ വികാരത്തെ മാനിക്കണമെന്നും ബീഫ് ഉപയോഗിക്കാത്ത നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇടപെടണമെന്നുമാണ് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെടുന്നത്.

ഓസ്ട്രേലിയയിലെ ‘പോളിമര്‍’ കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയുടെയും ആട്ടിറച്ചിയുടെയും കൊഴുപ്പില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ‘ടാലോ’ എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്. നേരത്തെ ബ്രിട്ടനിലെ കറന്‍സികളിലും ടാലോ അടങ്ങിയതിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.

Exit mobile version