നെയ്‌റോബിയിലെ ഹോട്ടല്‍ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി, 19 പേരെ കാണാതായി

ഭീകരാക്രമണത്തിന് പിന്നില്‍ അല്‍ ശബാബ് എന്ന ഭീകര സംഘടനയാണ്

നെയ്‌റോബി: നെയ്‌റോബിയിലെ ഹോട്ടല്‍ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. ആക്രമണത്തില്‍ പത്തൊന്‍മ്പത് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുപത്തെട്ടോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതു കൊണ്ട് തന്നെ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

ഭീകരാക്രമണത്തിന് പിന്നില്‍ അല്‍ ശബാബ് എന്ന ഭീകര സംഘടനയാണ്. ബുധനാഴ്ച്ചയാണ് നെയ്‌റോബിയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ഇവര്‍ ആക്രമണം നടത്തിയത്. കറുത്ത വസ്ത്രമണിഞ്ഞ നാല് പേര്‍ ഹോട്ടലിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതേ സമയം 20 മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം ഭീകരരെ മുഴുവന്‍ വധിച്ചതായി കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്ത അറിയിച്ചു.

ആക്രമണം നടന്ന കെട്ടിട സമുച്ചയത്തില്‍ 101 മുറികളുള്ള ഹോട്ടല്‍, ഭക്ഷണശാല, സ്പാ, ഓഫിസ് കെട്ടിടങ്ങള്‍ എന്നിവ അടങ്ങിയവയായിരുന്നു. എഴുനൂറോളം പേരെ ഇവിടെനിന്നു സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിക്കെതിരായ പ്രതികരണമാണ് ആക്രമണമെന്ന് അല്‍ ശബാബ് അറിയിച്ചു.

Exit mobile version