റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി മ്യാന്‍മര്‍ കോടതി; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മാധ്യമപ്രവര്‍ത്തകര്

രാജ്യത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് ഇവരെ ജയിലിലടച്ചത്

വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകരെ ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ മ്യാന്‍മര്‍ ഹൈകോടതി തള്ളി. രാജ്യത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് ഇവരെ ജയിലിലടച്ചത്. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍.

റോഹിങ്ക്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ വാന്‍ ലോണ്‍, ക്യോ സോയ് ഊ എന്നിവരെ മ്യാന്‍മര്‍ കോടതി ശിക്ഷിച്ചത്. രാജ്യത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് നടപടി. മതിയായ തെളിവുകള്‍ ഇല്ലാതെയാണ് മാധ്യമപ്രവര്‍ത്തകരെ ശിക്ഷിച്ചതെന്നും ഇവരെ ഉടന്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അപ്പീല്‍.

എന്നാല്‍ നിരപരാധികളാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്നും മാധ്യമ മൂല്യങ്ങള്‍ക്ക് എതിരായാണ് ഇവരുടെ പ്രവര്‍ത്തനമെന്നും മ്യാന്‍മര്‍ ഹൈക്കോടതി ജഡ്ജി ഓങ് നൈങ് ചൂണ്ടികാട്ടി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ഇവരില്‍
നിന്ന് കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

ഇരുവരും ഈ ശിക്ഷ അര്‍ഹിക്കുന്നതാണെന്ന് ജഡ്ജി യാങ്‌സണും അഭിപ്രായപ്പെട്ടു. ആങ് സാന്‍ സ്യൂചി കോടതി വിധിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. മാധ്യമ സ്വാതന്ത്ര്യം വിലക്കുന്ന മ്യാന്‍മര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാകുമെന്നതാണ് ഇനി ഇവരുടെ ഏക പ്രതീക്ഷ.

Exit mobile version