‘ആദ്യമായാണ് ടാക്‌സി യാത്രയില്‍ ഇത്രയും സുരക്ഷിതത്വം തോന്നുന്നത്’: വനിതാ ഡ്രൈവറെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് യാത്രക്കാരി

ലാഹോര്‍: ഡ്രൈവിംഗില്‍ എപ്പോഴും മുന്‍തൂക്കം പുരുഷന്മാര്‍ക്ക് തന്നെയാണ്. എങ്കിലും സ്ത്രീ ഡ്രൈവര്‍മാരും പല മേഖലകളിലുമുണ്ട്. ഓല, ഊബര്‍ തുടങ്ങിയവയിലും ഹെവി വാഹനങ്ങള്‍ ഓടിയ്ക്കുന്ന സ്ത്രീകളും ഏറെയുണ്ട്. ഇപ്പോഴിതാ ഊബറിലെ വനിതാ ഡ്രൈവറെ കുറിച്ചുള്ള കുറിപ്പാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

പാകിസ്ഥാനിലെ ഒരു വനിതാ ഡ്രൈവറെ കുറിച്ച് സയീദ ഖദീജ എന്ന യാത്രക്കാരിയാണ് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചത്. പാകിസ്ഥാനില്‍ വനിതാ ഡ്രൈവര്‍മാരുണ്ടെങ്കിലും എണ്ണത്തില്‍ കുറവാണ്. ലാഹോറിലാണ് ഈ സംഭവം ഉണ്ടായത്.

ഖദീജയ്ക്ക് വേണ്ടി റുഖ്‌സാന എന്ന ഡ്രൈവറാണ് എത്തിയത്. ഈ യാത്രയില്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഷീ വാസ് സോ സ്വീറ്റ്, അവരുടെ ഡ്രൈവിംഗ് വളരെ മികച്ചതാണ്’ എന്നാണ് ഖദീജ എഴുതിയിരിക്കുന്നത്. ഒപ്പം ഡ്രൈവറുടെ ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്.

ആദ്യമായിട്ടാണ് തനിക്ക് ഊബര്‍ റൈഡില്‍ ഒരു വനിതാ ഡ്രൈവറെ കിട്ടുന്നത്. ആദ്യമായിട്ടാണ് സുരക്ഷിതയാണ് എന്ന് അറിഞ്ഞുകൊണ്ട് താന്‍ ടാക്‌സിയില്‍ കിടന്ന് ഉറങ്ങുന്നത് എന്നുമാണ് ഖദീജ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഖദീജയുടെ പോസ്റ്റ് പെട്ടെന്ന് തന്നെ സോഷ്യല്‍ ലോകത്ത് വൈറലായി. അനവധിപ്പേരാണ് കമന്റുകളും റീട്വീറ്റുമായി എത്തിയത്. ‘താന്‍ രണ്ട് തവണ റുഖ്‌സാനയ്‌ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഒരു തവണ അവര്‍ക്കൊപ്പം മുന്നില്‍ തന്നെയാണ് ഇരുന്നത്. വീണ്ടും അവരെ കണ്ട് മുട്ടാനാവട്ടെ എന്ന് ആഗ്രഹിക്കുന്നു. അവരെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു’ എന്നാണ് ഒരു സ്ത്രീ കമന്റ് ചെയ്തിരിക്കുന്നത്.

റുഖ്‌സാനയുടെ ഊബര്‍ ആപ്പ് പ്രൊഫൈല്‍ പ്രകാരം ഒരു വര്‍ഷമായി അവര്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. 4.94 ആണ് റേറ്റിംഗ് കിട്ടിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 2136 യാത്രകള്‍ അവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Exit mobile version