വൈകുന്നേരം ഭാര്യയ്‌ക്കൊപ്പം നടക്കാനിറങ്ങിയ 57കാരനെ പശു ചവിട്ടിക്കൊന്നു

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തെരേസ ഇപ്പോള്‍ വീല്‍ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്.

വൈകുന്നേരം ഭാര്യയ്‌ക്കൊപ്പം നടക്കാനിറങ്ങിയ 57കാരനെ പശു ചവിട്ടിക്കൊന്നു. പശുക്കളുടെ ആക്രമണത്തില്‍ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. നെതര്‍ടണ്‍ ഗ്രാമത്തിലെ തന്റെ വീടിനടുത്തുള്ള വയലിലൂടെ ഭാര്യയോടൊപ്പം സായാഹ്നസവാരി നടത്തുന്നതിനിടയിലാണ് മൈക്കല്‍ ഹോംസ് എന്ന 57 കാരന് നേരെ പശുക്കളുടെ ആക്രമണം ഉണ്ടായത്.

അപ്രതീക്ഷിതമായ സംഭവിച്ച ഇടിയുടെ ആഘാതത്തില്‍ മൈക്കല്‍ ഹോംസ് തെറിച്ചുവീഴുകയും പശുക്കള്‍ അദ്ദേഹത്തെ ചവിട്ടി മെതിക്കുകയും ആയിരുന്നു. നെഞ്ചില്‍ സാരമായി പരിക്കേറ്റ ഹോംസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തെരേസ ഇപ്പോള്‍ വീല്‍ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്.

പശുക്കള്‍ പിന്നില്‍ നിന്നും വന്നതിനാല്‍ തങ്ങള്‍ അറിഞ്ഞില്ലെന്നും ഇടിച്ചിട്ടതിനുശേഷമാണ് തങ്ങളെ ലക്ഷ്യമാക്കിയാണ് പശുക്കള്‍ വന്നതെന്ന് അറിഞ്ഞതെന്നും തെരേസ പോലീസിനോട് പറഞ്ഞു. വയലിലൂടെ സ്ഥിരമായി തങ്ങള്‍ നടക്കാറുള്ളതാണെന്നും, സ്ഥിരമായി വയലില്‍ പശുക്കള്‍ ഉണ്ടാകാറുള്ളതാണെങ്കിലും ഇത്തരത്തില്‍ ഒരിക്കല്‍പോലും ഒരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ടെലികോം ജീവനക്കാരായ ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 34 വര്‍ഷമായി. നടക്കാന്‍ ഇവരോടൊപ്പം രണ്ട് വളര്‍ത്തു നായ്ക്കളും ഉണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

മാര്‍ട്ടിന്‍ മിച്ചല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പശുക്കളാണ് അക്രമാസക്തരായത്. സാധാരണയായി തന്റെ പശുക്കള്‍ ആക്രമണ സ്വഭാവം കാണിക്കാറില്ലെന്നും എന്നാല്‍ ദമ്പതികളോടൊപ്പം നായ്ക്കളെ കണ്ടതുകൊണ്ടായിരിക്കാം പശുക്കളെ പ്രകോപിതരാക്കിയതെന്നുമാണ് ഇയാള്‍ പറയുന്നത്.

ഏതായാലും ഇത്തരത്തില്‍ ഒരു ദുരന്തം സംഭവിച്ചതിനാല്‍ തന്റെ ഫാമിലൂടെയുള്ള നടപ്പാത അടയ്ക്കുകയും പകരം നടപ്പാത മറ്റൊരു വഴിയിലൂടെ ആക്കുകയും ചെയ്യണമെന്ന് താന്‍ കൗണ്‍സിലിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ മിച്ചല്‍ പറഞ്ഞു.

Exit mobile version