കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന 25 പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി പ്രവാസി ദമ്പതികള്‍; ഇപ്പോള്‍ അപേക്ഷിക്കാം

തെരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക് ബിരുദപഠനത്തിനായാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. അര്‍ഹരായവര്‍ ഫെബ്രുവരി 15ന് മുമ്പ് അപേക്ഷിക്കണം.

ദുബായ്: യുഎഇയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന 25 പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ വീതം സ്‌കോളര്‍ഷിപ്പുമായി പ്രവാസി ദമ്പതികള്‍. സംരംഭകരായ ഹസീന നിഷാദും നിഷാദ് ഹുസൈനുമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായം നല്‍കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക് ബിരുദപഠനത്തിനായാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. അര്‍ഹരായവര്‍ ഫെബ്രുവരി 15ന് മുമ്പ് അപേക്ഷിക്കണം. ‘പെണ്‍കുട്ടികളുടെ ഉന്നമനം വിദ്യാഭ്യാസത്തിലൂടെ’ എന്ന ആശയം ഉള്‍ക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.

നിലവില്‍ പ്ലസ് ടുവിന് പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. മകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഇത്തവണ യുഎഇയിലെ പ്രവാസികളെയാണ് പരിഗണിക്കുന്നത്. അപേക്ഷകര്‍ 050 906 7778 എന്ന നമ്പറിലേക്ക് വാട്‌സ്ആപ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ചോദ്യാവലിക്ക് മറുപടി നല്‍കണം.

വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പരിശോധിച്ചാണ് അര്‍ഹരായ 25 പേരെ തെരഞ്ഞെടുക്കുന്നത്. മാര്‍ച്ച് എട്ടിന് വനിതദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുമെന്ന് വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ്‌സ് എംഡി ഹസീന നിഷാദും ചെയര്‍മാന്‍ നിഷാദ് ഹുസൈനും അറിയിച്ചു.

Exit mobile version