‘പാകിസ്താന്‍ ആണവശക്തിയാണെന്ന് മറക്കരുത്, ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിയ്ക്കും’: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാകിസ്താന്‍ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍ മന്ത്രി ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഷാസിയ ഭീഷണിയുമായി എത്തിയത്.

പാകിസ്താന്‍ ആണവശക്തിയാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് ഷാസിയ പറഞ്ഞു. ഞങ്ങളെ അടിച്ചാല്‍ പാകിസ്ഥാനും തിരിച്ചടിച്ചായിരിക്കും മറുപടി നല്‍കുകയെന്നും പാക്കിസ്താന് എങ്ങനെ മറുപടി നല്‍കണമെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിലാവല്‍ ഭൂട്ടോയെ പിന്തുണച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷാസിയയുടെ പരാമര്‍ശം.

പാകിസ്താനെ ഭീകരതയുടെ പ്രഭവകേന്ദ്രം എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വിശേഷിപ്പിച്ചതും ഷാസിയ പരാമര്‍ശിച്ചു. ജയശങ്കറിനുളള മറുപടിയായാണ് ഭൂട്ടോ ‘ഉസാമ ബിന്‍ലാദന്‍ മരിച്ചു, എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’ എന്ന പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി മോഡിക്കെതിരായ വ്യക്തിപരമായ ആക്രമണത്തില്‍ ഭൂട്ടോയെ ഇന്ത്യ വെള്ളിയാഴ്ച കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ മുസ്ലീങ്ങളെ ലക്ഷ്യമാക്കി ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അവരെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നതായും അവര്‍ ആരോപിച്ചു. കൂടാതെ ഇന്ത്യയില്‍ ദളിതര്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും ഷാസിയ കൂട്ടിച്ചേര്‍ത്തു. ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയായി വാഴ്ത്തുകയും ലഖ്വി, ഹാഫിസ് സയീദ്, മസൂദ് അസ്ഹര്‍, സാജിദ് മിര്‍, ദാവൂദ് ഇബ്രാഹിം തുടങ്ങിയ ഭീകരര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍ എന്ന് വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചു.

Exit mobile version