രോഗം കോമയിലാക്കി, യുവാവ് ഉണർന്നപ്പോൾ ചിത്രകാരനു൦ ശില്പിയുമായി

കോമയിൽ നിന്ന് ഉണർന്ന ശേഷം യുവാവിന് കലയിൽ അത്ഭുത കഴിവുകൾ. ഇം​ഗ്ലണ്ടിൽ നിന്നുള്ള ഒരു യുവാവാണ് ശ്രദ്ധ നേടുന്നത്. മോയി ഹണ്ടർ എന്ന യുവാവാണ് രോഗാവസ്ഥയ്ക്ക് ശേഷ൦ പ്രത്യേക കഴിവുകളുള്ളയാളായി മാറിയത്.

2004 -ലാണ് തലച്ചോറിൽ ബാക്ടീരിയൽ മെനിഞ്ചൈറ്റിസും ട്യൂബർകുലോസിസും ബാധിച്ചതിനെ തുടർന്ന് 38 -കാരനായ മോയി ഹണ്ടർ കോമയിലാവുന്നത്. മോയിക്ക് സർജറി കഴിഞ്ഞതിനെ തുടർന്ന് ഓർമ്മ നഷ്ടപ്പെടുകയായിരുന്നു. 

എന്നാൽ, പിന്നാലെ ചില കഴിവുകളും മോയിക്കുണ്ടായി. കലാപരമായ ഒരു കഴിവും മോയിക്ക് നേരത്തെ ഉണ്ടായിരുന്നില്ല. ‘തന്റെ ചിത്രം വരയൊക്കെ കാണുമ്പോൾ ആളുകൾ പണ്ട് കളിയാക്കുമായിരുന്നു. നേരത്തെ പുറത്ത് പോകാനും ഫുട്ബോൾ കളിക്കാനും ഒക്കെ ആയിരുന്നു തനിക്കിഷ്ടം’ എന്നും മോയി പറയുന്നു.

മോയി സർജറിയെ തുടർന്നായിരുന്നു കോമയിൽ ആയത്. അതിൽ നിന്നും ഉണർന്നപ്പോൾ മോയിയുടെ ഓർമ്മയെല്ലാം നഷ്ടപ്പെട്ടു. ‘2004 ഒക്ടോബർ 13 -നാണ് ഞാനുണർന്നത്. 2004 -ന് മുമ്പുള്ള ഒരു ഓർമ്മയും എന്നിൽ ഇല്ലായിരുന്നു. കുടുംബത്തെ സംബന്ധിച്ചോ സുഹൃത്തുക്കളെ സംബന്ധിച്ചോ ഒന്നും’ എന്നും മോയി പറയുന്നു. 
എന്നാൽ, അതിന് ശേഷം മോയി വരയ്ക്കാനും കലാസൃഷ്ടികളുണ്ടാക്കാനും എല്ലാം തുടങ്ങി.

മോയിയെ നേരത്തെ അറിയുന്ന ഒരാൾക്കും അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഭ്രാന്തായോ എന്നാണ് അവർ ചിന്തിച്ചിരുന്നത് എന്നാണ് മോയി പറയുന്നത്. ഇപ്പോൾ രാജ്യത്തുടനീളം മോയി തന്റെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്.
 
ഡോക്ടർമാർ പറയുന്നത്, എന്തായാലും കിട്ടിയ പുതിയ കഴിവ് ആസ്വദിക്കൂ എന്നാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇന്ന് മോയി ഒരു കാർപെന്റർ ആയി ജോലി ചെയ്യുകയാണ്.
ഒപ്പം തന്നെ പല പൂർണകായ പ്രതിമകളും നിർമ്മിക്കുന്നു. ഒപ്പം ചില തിരക്കഥകളും മറ്റും എഴുതുന്നു. അതിലെല്ലാം തന്നെ ഉള്ളത് മോയിയുടെ സ്വന്തം വരകളാണ്.

എന്തായാലും എല്ലാ ഓർമ്മയും നഷ്ടപ്പെട്ട മോയി ജീവിതത്തിലേക്ക് തിരികെ കയറിയത് കോമയ്ക്ക് ശേഷം കിട്ടിയ കഴിവുകൾ വച്ചാണ് എന്നത് ശ്രദ്ധേയമാകുന്നത്.

Exit mobile version