വെള്ളമാണെന്ന് കരുതി സാനിറ്റൈസര്‍ കുടിച്ചു : ജപ്പാനില്‍ സ്‌കൂള്‍ അത്‌ലറ്റുകള്‍ ആശുപത്രിയില്‍

ടോക്കിയോ : വെള്ളമാണെന്ന് കരുതി സാനിറ്റൈസര്‍ കുടിച്ച മൂന്ന് സ്‌കൂള്‍ അത്‌ലറ്റുകളെ ജപ്പാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്പാനിലെ യമനാഷിയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. മൂന്ന് കുട്ടികളെയാണ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്.

പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്ത മത്സരത്തിന്റെ സംഘാടകര്‍ വെള്ളക്കുപ്പികളുടെ ഇടയില്‍ സാനിറ്റൈസര്‍ കുപ്പികള്‍ വച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇത് വെള്ളമാണെന്ന് കരുതി ജീവനക്കാര്‍ കപ്പുകളില്‍ നിറച്ച് താരങ്ങള്‍ക്കുള്ള ഡ്രിങ്ക്‌സ് സ്റ്റേഷനില്‍ വയ്ക്കുകയും കുട്ടികള്‍ ഇതെടുത്ത് കുടിയ്ക്കുകയുമായിരുന്നു.

കപ്പില്‍ നിന്ന് വെള്ളം കുടിച്ച ഒരു കുട്ടി ഛര്‍ദിയ്ക്കുകയും തളര്‍ന്നു വീഴുകയും ചെയ്തതോടെയാണ് സംഘാടകര്‍ക്ക് അബദ്ധം മനസ്സിലായത്. ഇതോടെ മറ്റ് രണ്ട് പേര്‍ വെള്ളം വിഴുങ്ങാതെ തുപ്പിക്കളഞ്ഞു. അസ്വസ്ഥതകള്‍ മൂര്‍ഛിച്ചതോടെ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ച് വരുന്നതായാണ് വിവരം.

സംഭവത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് യമനാഷി ഗവര്‍ണര്‍ കൊറ്റാരോ നാഗസാക്കി അറിയിച്ചിട്ടുണ്ട്. ലേബലില്ലാത്ത കുപ്പികളിലായിരുന്നു സാനിറ്റസൈര്‍ എന്നും ഇതാണ് വെള്ളമെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമെന്നുമാണ് സ്‌കൂള്‍ സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്റെ വിശദീകരണം.

Exit mobile version