കാല്‍വഴുതി കുഴിയില്‍ വീണത് വാഹനാപകടമാക്കി; ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെപൊക്കി പോലീസ്

നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ ടിഎസ് ജയകൃഷ്ണന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുള്‍ അഴിഞ്ഞത്.

police

നെടുങ്കണ്ടം: കാല്‍വഴുതി കുഴിയില്‍ വീണുണ്ടായ അപകടം വാഹനാപകടമാക്കി മാറ്റി ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെ പൊക്കി കേരള പോലീസ്. നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ ടിഎസ് ജയകൃഷ്ണന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുള്‍ അഴിഞ്ഞത്.

കഴിഞ്ഞ ദിവസം തൂക്കുപാലം പമ്പിന് സമീപം കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്ക് പറ്റിയെന്നപേരില്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വഷണം ആരംഭിച്ചത്. വാഹനമിടിച്ച് ഉണ്ടായെന്ന് പറയുന്ന ആളിന്റെ തലയ്ക്കും താടിയെല്ലിനും മാത്രമാണ് പരുക്കു പറ്റിയെന്നത് പോലീസിന് സംശയത്തിന് ഇടയാക്കി. യുവാവിനെ ചികിത്സിച്ച ഡോക്ടറും ഇത്തരത്തില്‍ സംശയം പ്രകടപ്പിച്ചിരുന്നു.

സംഭവം നടന്ന ദിവസം സമീപത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ വാഹനമിടിച്ചുവെന്ന് പറയുന്ന സമയത്ത് കാറുകള്‍ ഒന്നുംതന്നെ അപകടസ്ഥലത്തുകൂടി കടന്ന് പോയിട്ടില്ലായെന്ന് വ്യക്തമായി. അപകടം സംഭവിച്ച യുവാവിന്റെ കൂടെ താമസിച്ച് വരുന്നവരെ ചോദ്യം ചെയ്തതോടെയാണ് കള്ളത്തരം വെളിച്ചത്തായത്. വാഹനമിടിച്ചതാണന്ന് തെളിയിച്ചാല്‍ ഇന്‍ഷുറന്‍സായി വന്‍ തുക ലഭിക്കുമെന്ന ധാരണയായിരിക്കാം ഇവരെ ഇത്തരത്തില്‍ പരാതി നൽകാൻ പ്രേരിപ്പിച്ചത്.

താമസിക്കുന്ന സ്ഥലത്തിന് സമീപത്തുള്ള വലിയ കുഴിയില്‍ കാല്‍ വഴുതി വീണാണ് യുവാവിന് അപകടം ഉണ്ടായതെന്നാണ് അറിയുന്നത്. താടിയെല്ലിന് പരിക്ക് പറ്റി സംസാരിക്കുവാന്‍ കഴിയാതെ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ മൊഴി ലഭിച്ചാല്‍ മാത്രമേ കേസിനെ സംബന്ധച്ച് കൂടുതല്‍ വ്യക്തത വരുകയുള്ളു.

Exit mobile version