ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു

കൊളംബോ : വ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജി വെച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം കടുക്കുകയും ചെയ്തതോടെയാണ് രജപക്‌സെയുടെ രാജി.

പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ രജപക്‌സെയുടെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. അവസാന നിമിഷം വരെ രാജിക്ക് ഒരുക്കമല്ലെന്നായിരുന്നു രജപക്‌സെയുടെ നിലപാട്. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുനയും മഹിന്ദ മാറി നില്‍ക്കണമെന്ന ആവശ്യമുയര്‍ത്തിയതോടെ സ്ഥാനമൊഴിയാന്‍ ഇദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. പ്രസിഡന്റ് ഗോട്ടബയയെയും മഹിന്ദയയെയും സ്ഥാനത്തിരുത്തി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് ശ്രീലങ്കയുടെ പ്രതിപക്ഷകക്ഷിയായ സമഗി ജനബലവേഗയ നേരത്തേ തന്നെ അറിയിച്ചിരുന്നു.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം അനുഭവപ്പെടുകയും ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയും ചെയ്തതോടെ ജനം തെരുവിലിറങ്ങി. ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് രണ്ടിലധികം തവണ സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ഒരുമാസമായി മഹിന്ദയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുകയാണ്. സര്‍ക്കാര്‍ അനുകൂലികളുമായും പോലീസുമായും ഏറ്റുമുട്ടി നിരവധി പേര്‍ക്ക് ഇതിനോടകം തന്നെ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയും ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു.

Exit mobile version