പെരുമഴയില്‍ വലഞ്ഞ് അഫ്ഗാന്‍ : 22 മരണം, നൂറിലധികം വീടുകള്‍ തകര്‍ന്നു, കൃഷിയിലും വന്‍ നാശം

കാബൂള്‍ : പട്ടിണിയും മാനുഷികപ്രശ്‌നങ്ങളും കടുക്കുന്നതിനിടെ അഫ്ഗാനെ വലച്ച് പെരുമഴയും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും 22 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നൂറിലധികം വീടുകള്‍ തകരുകയും മൂവായിരത്തിലധികം ഏക്കര്‍ കൃഷി നശിയ്ക്കുകയും ചെയ്തു.

രാജ്യത്തിന്റെ പന്ത്രണ്ടോളം പ്രവിശ്യകളിലാണ് നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. വിവിധയിടങ്ങളിലായി നാല്പ്പതിലധികം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. കിഴക്കന്‍ പ്രവിശ്യകളായ ബഡ്ഗീസിലും ഫരിയാബിലും വടക്കന്‍ പ്രവിശ്യയായ ബാഗ്‌ലാനിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. വര്‍ഷങ്ങളായി കടുത്ത വരള്‍ച്ച നേരിടുന്ന അഫ്ഗാനില്‍ കാര്‍ഷിക മേഖല ഏതാണ്ട് തകര്‍ന്ന നിലയില്‍ തന്നെയായിരുന്നു. കാലങ്ങളായി തുടരുന്ന യുദ്ധവും ലോകരാജ്യങ്ങളില്‍ നിന്നുള്ള സഹായം നിലച്ചതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

പ്രതിസന്ധി നേരിടാന്‍ താലിബാന്‍ ഭരണകൂടം രാജ്യാന്തര സംഘടനകളെ സഹായത്തിനായി സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താലിബാനെ അംഗീകരിക്കാന്‍ പല സംഘടനകളും തയ്യാറാകാത്തതുമൂലം ഫണ്ടുകള്‍ ലഭിക്കുന്നതില്‍ ആശങ്കയുണ്ട്.

Exit mobile version