കനത്ത പ്രളയം : ദക്ഷിണാഫ്രിക്കയില്‍ മരണം 395 ആയി

കേപ് ടൗണ്‍ : ദക്ഷിണാഫ്രിക്കയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 395 ആയി. ദുരിത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.

രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ഡര്‍ബന്‍ ഉള്‍പ്പെടുന്ന ക്വാസുലു-നേറ്റല്‍ പ്രവിശ്യയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. 40,723 പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റോഡുകള്‍ മിക്കതും പ്രളയത്തില്‍ ഒലിച്ചുപോയി. രൂക്ഷമായ മണ്ണിടിച്ചിലുമുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലാണ്.

തിങ്കളാഴ്ചയാണ് പ്രദേശത്ത് ശക്തമായ മഴ തുടങ്ങിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയമാണിതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ പ്രളയത്തിനിടെ ഡര്‍ബനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ വടക്ക് സ്ഥിതി ചെയ്യുന്ന ക്രോക്കഡൈല്‍ ക്രീക്ക് ഫാമില്‍ നിന്ന് മുതലകള്‍ രക്ഷപെട്ടത് ആശങ്ക സൃഷ്ടിക്കുകയാണ്. റോഡിലും വെള്ളത്തിലും മുതലകള്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുവരെ ഏഴ് മുതലകളെ പിടികൂടി. ഇനി അഞ്ചെണ്ണത്തിനെ കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version