ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്‌റ്റേഷനില്‍ വെടിവെയ്പ്പ് : ഇരുപതിലധികം പേര്‍ക്ക് പരിക്ക്, ഗ്യാസ് മാസ്‌ക് ധരിച്ചെത്തിയ അക്രമിയ്ക്കായി തിരച്ചില്‍

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്റ്റേഷനിലുണ്ടായ വെടിവെയ്പ്പില്‍ പതിനാറോളം പേര്‍ക്ക് പരിക്ക്. വിഷമയമായ വായുവില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഗ്യാസ് മാസ്‌ക് ധരിച്ചെത്തിയ അക്രമിയ്ക്കായി പോലീസും എഫ്ബിഐ അടക്കമുള്ള ഏജന്‍സികളും തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ബ്രൂക്ക്‌ലിനിലെ സ്ട്രീറ്റ് 36 സബ് വേ സ്റ്റേഷനില്‍ ഇന്നലെ രാവിലെ എട്ടരയോടെയാണ് വെടിവെയ്പ്പുണ്ടായത്. തൊഴിലാളിയുടെ വേഷത്തിലെത്തിയ പ്രതി കൃത്യം നടത്തിയശേഷം ഓടിപ്പോയതായാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ഫ്രാങ്ക് ആര്‍ ജെയിസ് (62) എന്നയാളുടെ ചിത്രം ന്യൂയോര്‍ക്ക് സിറ്റി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 50000 ഡോളര്‍ പാരിതോഷികം നല്‍കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

ട്രെയിനിനുള്ളില്‍ വെച്ച് പത്തോളം പേര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം അക്രമി രണ്ട് പുക ബോംബുകള്‍ സ്‌റ്റേഷനിലേക്ക് എറിയുകയും ചെയ്തു. സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി ആളുകള്‍ ഇറങ്ങാന്‍ തുടങ്ങിയ സമയത്താണ് ഇയാള്‍ ആക്രമണം തുടങ്ങിയത്. ആദ്യം കാനിസ്റ്റര്‍ ഉപയോഗിച്ച് ട്രെയിനിനുള്ളില്‍ പുക നിറച്ചശേഷമായിരുന്നു ആക്രമണം. പിന്നീട് വെടിയുതിര്‍ക്കുകയും ബോംബുകള്‍ എറിയുകയും ചെയ്തു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ട്രെയിനിനുള്ളില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കവേ തിക്കിലും തിരക്കിലും പെട്ടാണ് പതിമൂന്നോളം പേര്‍ക്ക് പരിക്ക്.

Exit mobile version