‘വിദ്യാഭ്യാസത്തെ ബാധിക്കരുത്, പരമാവധി ആറ് മണിക്കൂര്‍’ : കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങ്ങിന് കര്‍ശന നിര്‍ദേശങ്ങള്‍

NCPCR | Bignewslive

ന്യൂഡല്‍ഹി : കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങ്ങിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ വിദ്യാഭ്യാസത്തെ ഷൂട്ട് ബാധിക്കരുതെന്നും ആറ് മണിക്കൂറില്‍ കൂടുതല്‍ ഷൂട്ടിങ് പാടില്ലെന്നും അമിതമായി മേക്കപ്പ് ഉപയോഗിക്കരുതെന്നതുമടക്കമാണ് നിര്‍ദേശങ്ങള്‍. കരട് നിര്‍ദേശങ്ങള്‍ രണ്ട് മാസത്തിനകം അന്തിമരൂപം നല്‍കി പ്രാബല്യത്തില്‍ വരുത്തുമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ അറിയിച്ചു.

പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം അടുപ്പിച്ച് 27 ദിവസത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഷൂട്ടിങ് പാടില്ല. കുട്ടികളുടെ പ്രതിഫലത്തിന്റെ 20 ശതമാനം ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കണം. ഷൂട്ടിങ്ങിന് കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി പത്രം നിര്‍ബന്ധമാണ്.

ഒരു ദിവസം ആറ് മണിക്കൂറിധികം കുട്ടികള്‍ക്ക് ഷൂട്ടിങ് പാടില്ല. ഇത് കൂടാതെ ഓരോ മൂന്ന് മണിക്കൂറിലും ഇടവേളകളുണ്ടാവണം. ഷൂട്ടിങ് മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല നിര്‍മാതാക്കള്‍ക്കാണ്. സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ല എങ്കില്‍ കുട്ടികള്‍ക്കായി പ്രൈവറ്റ് ട്യൂട്ടര്‍മാരെ നിര്‍മാതാക്കള്‍ ഏര്‍പ്പാടാക്കണം.

കുട്ടികളെ മാനസികമായി സമ്മര്‍ദത്തിലാക്കുന്നതോ അവഹേളിക്കുന്നതോ ആയ പരിപാടികള്‍ പാടില്ല. കുട്ടികളെ നിര്‍ബന്ധിത കരാറിന് വിധേയരാക്കരുത്. ലൊക്കേഷനില്‍ കുട്ടികളുമായി ഇടപഴകുന്നവര്‍ക്ക് സാംക്രമിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കണം. ഇതിനായി ആരോഗ്യ സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്ക്കണം. പോലീസ് വേരിഫിക്കേഷനും നടത്തണം.

ആറ് വയസ്സില്‍ താഴെയുള്ള കുട്ടികളെ അപകടകരമായ ലൈറ്റിങ്ങിനോ ഹാനികരമായ മേയ്ക്കപ്പിനോ വിധേയരാക്കരുത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഡ്രസിങ് റൂമുകള്‍ വേണം. ഇവിടെ എതിര്‍ലിംഗത്തിലുള്ള മുതിര്‍ന്നവര്‍ ഉണ്ടാവാന്‍ പാടില്ല.

ലൈംഗികപീഡനങ്ങള്‍ക്കും കുട്ടിക്കടത്തിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഇരയാക്കപ്പെട്ട കുട്ടികളുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ സെന്‍സേഷന്‍ ആക്കരുത്. ഇത്തരം വാര്‍ത്തകളില്‍ കുട്ടികളുടെ സ്വകാര്യത കാത്ത് സൂക്ഷിക്കണം. സംസാരിക്കാന്‍ കുട്ടികളെ മാതാപിതാക്കള്‍ നിര്‍ബന്ധിക്കരുത്. കുട്ടികളില്‍ അപകര്‍ഷതാബോധമുണ്ടാക്കുന്ന പരസ്യങ്ങളും പാടില്ല.

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. സിനിമ, വാര്‍ത്താ ചാനലുകള്‍, ടിവി പരിപാടികള്‍, സമൂഹമാധ്യമങ്ങള്‍. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങി എല്ലാവര്‍ക്കും നിയമം ബാധകമാണ്.

Exit mobile version