ഫിലിപ്പീന്‍സില്‍ വീശിയടിച്ച് ‘മെഗി’ : മരണം 25 കടന്നു

മനില : ഫിലിപ്പീന്‍സില്‍ മെഗി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 25 കടന്നു. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ച കാറ്റ് രാജ്യത്തിന്റെ കിഴക്കന്‍ തീരത്താണ് കൂടുതല്‍ നാശം വിതച്ചത്. 13000ലധികം പേര്‍ക്ക് കാറ്റിനെ തുടര്‍ന്ന് വീടും വസ്തുക്കളും നഷ്ടമായെന്നാണ് വിവരം.

ലെയ്റ്റ് പ്രവിശ്യയിലുണ്ടായ കനത്ത മണ്ണിടിച്ചിലിലാണ് കൂടുതല്‍ മരണങ്ങളുമുണ്ടായിരിക്കുന്നത്. ഇവിടെ ആറോളം പേരെ കാണാതായിട്ടുമുണ്ട്. മലയോര പ്രദേശമായതിനാല്‍ ഇവിടെ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ആശങ്ക. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ചത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. റോഡുകള്‍ മിക്കതും ഒലിച്ചു പോയ നിലയിലാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ വലിയ വെല്ലുവിളിയാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്നത്.കഴിഞ്ഞയാഴ്ച മാത്രം ചെറുതും വലുതുമായ ഇരുന്നൂറോളം പ്രളയങ്ങളാണ് രാജ്യം നേരിട്ടത്. ഇതുവരെ മുപ്പതിനായിരത്തിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

2006 മുതല്‍ ചുഴലിക്കാറ്റുകള്‍ സ്ഥിരമാണ് ഫിലിപ്പീന്‍സില്‍. കടലിനാല്‍ ചുറ്റപ്പെട്ടതിനാല്‍ തന്നെ കടലില്‍ രൂപമെടുക്കുന്ന ചുഴലിക്കാറ്റുകള്‍ക്ക് വേഗം കരയിലേക്ക് പ്രവേശിച്ച് നാശം വിതയ്ക്കാമെന്നതാണ് കാരണം. കഴിഞ്ഞ വര്‍ഷം റായ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് 375 പേര്‍ ഫിലിപ്പീന്‍സില്‍ മരണമടഞ്ഞിരുന്നു.

Exit mobile version