കുട്ടിക്കുരങ്ങന്‍മാര്‍ ഉണ്ടാകുന്നില്ല: കുരങ്ങുകള്‍ക്ക് ഇണ ചേരാന്‍ പ്രണയാന്തരീക്ഷമൊരുക്കാന്‍ ഗായകനെ നിയമിച്ച് മൃഗശാല

മൃഗശാലയിലെ കുരങ്ങുകള്‍ ഇണ ചേരുന്നില്ല, അവരെ പരസ്പരം ആകര്‍ഷിപ്പിക്കാന്‍ വിചിത്ര വഴിയുമായി മൃഗശാല. പ്രണയഗാനങ്ങള്‍ പാടുന്ന പാട്ടുകാരനെ നിയമിച്ചിരിക്കുകയാണ് ബ്രിട്ടനിലെ സ്റ്റാഫോര്‍ഡിലുള്ള ട്രെന്‍ഥാം കുരങ്ങുസംരക്ഷണ കേന്ദ്രം

ഇവിടുത്തെ ആണ്‍കുരങ്ങുകളും പെണ്‍കുരങ്ങുകളും തമ്മില്‍ പ്രണയമില്ല. പ്രണയിക്കാതിരുന്നാല്‍ അവര്‍ ഇണകളാകില്ല. പുതിയ കുട്ടിക്കുരങ്ങന്‍മാരും ഉണ്ടാകുന്നില്ല. ഇൗ വിഷമത്തിലായിരുന്നു അധികൃതര്‍. അങ്ങനെയാണ് ഡേവ് ലാര്‍ഗി എന്ന പ്രണയഗാനങ്ങള്‍ പാടുന്ന ഒരു പാട്ടുകാരനെ അധികൃതര്‍ കേന്ദ്രത്തില്‍ നിയമിച്ചത്.

ലാര്‍ഗിയുടെ ജോലി ഇതാണ്. നല്ല പ്രണയഗാനങ്ങള്‍ ഒരുക്കി പ്രേമത്തിന്റെ അന്തരീക്ഷം കുരങ്ങുസംരക്ഷണ കേന്ദ്രത്തില്‍ ഉണ്ടാക്കിയെടുക്കണം, കുരങ്ങുകള്‍ ഇതില്‍ മനംമറന്ന് പ്രണയത്തിലാകണം. വിഖ്യാത പ്രേമഗായകന്‍ മാര്‍വിന്‍ ഗയെയുടെ പാട്ടുകളും ശൈലികളും അനുകരിക്കുന്ന ഡേവ് ലാര്‍ഗി മനോഹരമായ പ്രേമഗാനങ്ങള്‍ പാടുന്നതിന്റെയും അതു കേട്ട് കുരങ്ങുകള്‍ നില്‍ക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായി.

ആഫ്രിക്കന്‍ രാജ്യങ്ങളായ അല്‍ജിറിയയിലും മൊറോക്കോവിലുമുള്ള കാടുകളില്‍ കാണപ്പെടുന്ന അപൂര്‍വയിനം കുരങ്ങുകളായ മക്കാക്കുകളിലെ ഒരു സംരക്ഷിതവിഭാഗത്തിനെയാണു ട്രെന്‍ഥാം കുരങ്ങുസംരക്ഷണ കേന്ദ്രത്തില്‍ വളര്‍ത്തുന്നത്. വനനശീകരണവും അനധികൃത വിനോദമൃഗ വിപണിക്കായുള്ള കടത്തലും മൂലം ഇവയുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. നിലവില്‍ വെറും എണ്ണായിരത്തില്‍ താഴെ മാത്രമാണ് രാജ്യാന്തരതലത്തില്‍ ഇത്തരം മക്കാക്കുകളുടെ സംഖ്യയെന്നാണു ബ്രിട്ടിഷ് മൃഗസംരക്ഷണ സന്നദ്ധ സംഘടന പറയുന്നത്.

ഇവയുടെ എണ്ണം കുറയുന്നത് ഇവയുടെ ജന്മദേശങ്ങളായ അല്‍ജിറിയയിലും മൊറോക്കോവിലെയും വനസമ്പത്തിലും പരിസ്ഥിതിയിലും ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കാടുകളില്‍ വിത്തുകള്‍ വ്യാപിപ്പിക്കുന്നതില്‍ ഇവ നല്‍കുന്ന സേവനം വളരെ നിര്‍ണായകമാണ്. ഇവയുടെ എണ്ണം കുറഞ്ഞാല്‍ കാടിന്റെ വ്യാപ്തിയും കുറയും. മൊറോക്കോവില്‍ ഇവയെ കാണാന്‍ മാത്രമായി എത്തുന്ന വിനോദസഞ്ചാരികളും ഏറെയാണ്. ഇവയില്ലാതെയായാല്‍ മൊറോക്കോയുടെ ടൂറിസ്റ്റ് വരുമാനത്തിലും ഗണ്യമായ കുറവ് സംഭവിക്കും.

മക്കാക്കുകളുടെ പ്രജനനകാലമാണ് ഇത്. അതു മുന്നില്‍ കണ്ടാണ് ട്രെന്‍ഥാം കുരങ്ങുവളര്‍ത്തല്‍ കേന്ദ്രം അധികൃതര്‍ ഇത്തരമൊരു മാര്‍ഗം അവലംബിച്ചത്. ലാര്‍ഗിയുടെ പാട്ടിന് വിചാരിച്ച ഫലമുണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. സന്തോഷ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് അധികൃതര്‍.

Exit mobile version