വാക്‌സീന്‍ ലഭിക്കാതെയാണ് ആളുകള്‍ ആശുപത്രിയിലാകുന്നതും മരിക്കുന്നതും, ബൂസ്റ്റര്‍ ഡോസ് കിട്ടാതെയല്ല : സമ്പന്ന രാജ്യങ്ങളെ വിമര്‍ശിച്ച്‌ ലോകാരോഗ്യസംഘടന

വിയന്ന : സമ്പന്നരാജ്യങ്ങള്‍ കോവിഡ് വാക്‌സീന്റെ അധിക ഡോസുകള്‍ വിതരണം ചെയ്യുന്നതിനെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. ഇത്തരം നടപടികള്‍ വാക്‌സീന്‍ അസമത്വം വര്‍ധിപ്പിക്കുകയാണെന്നും മഹാമാരിയെ ഒറ്റയ്ക്ക് മറികടക്കാന്‍ ഒരു രാജ്യത്തിനുമാവില്ലെന്നും സംഘടന മേധാവി ടെഡ്രോസ് അഥാനം വ്യക്തമാക്കി.

രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചവര്‍ക്ക് അധിക ഡോസ് നല്‍കുന്നതിന് പകരം ദരിദ്ര രാഷ്ട്രങ്ങളിലെ രോഗ സാധ്യതയുള്ള ജനങ്ങള്‍ക്ക് വാക്‌സീന്‍ നല്കാനാണ് ശ്രമിക്കേണ്ടതെന്ന് അഥാനം ചൂണ്ടിക്കാട്ടി. “ധാരാളം വാക്‌സീന്‍ വാങ്ങിക്കൂട്ടിയ സമ്പന്ന രാജ്യങ്ങള്‍ തന്നെ വീണ്ടും വാക്‌സീന്‍ വാങ്ങുമ്പോള്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കിട്ടാതാകും. ഇത് വൈറസിന് വ്യാപിക്കാനും ജനിതകമാറ്റം വരുത്താനുമുള്ള സമയം നല്‍കലാണ്. അപ്പോള്‍ മഹാമാരി കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടാകും. കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്നതും മരിക്കുന്നതും വാക്‌സീന്‍ ലഭിക്കാത്തവരാണ്. ബൂസ്റ്റര്‍ ഡോസ് ലഭിക്കാത്തവരല്ല.” അദ്ദേഹം പറഞ്ഞു.

സമ്പന്ന രാജ്യങ്ങളിലെ 67 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ ലഭ്യമായതായാണ് കണക്കുകള്‍ പറയുന്നത്. ദരിദ്രരാജ്യങ്ങളില്‍ പത്ത് ശതമാനത്തിലും താഴെ മാത്രമാണ് ഒരു ഡോസ് വാക്‌സീനെങ്കിലും സ്വീകരിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നാലില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും വാക്‌സീന്‍ കിട്ടാതെയാണ് കോവിഡിനെതിരെ പോരാടുന്നതെന്ന് ഡബ്ല്യൂ.എച്ച്.ഒ ചൂണ്ടിക്കാട്ടി.

ഒമിക്രോണ്‍ അതിവേഗം പടരുന്ന സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇസ്രയേല്‍ നാലാം ഡോസ് വാക്‌സീന്‍ നല്‍കാനൊരുങ്ങുകയാണ്.സമ്പന്നരാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്യുന്നതിനെതിരെ നേരത്തേയും ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു.

Exit mobile version