ജോലി രാജി വയ്ക്കുന്നതിനെ പറ്റി ആലോചിക്കുന്നുവെന്ന് ഇലോണ്‍ മസ്‌ക്

ഓസ്റ്റിന്‍ : താന്‍ ജോലി രാജി വയ്ക്കുന്നതിനെ പറ്റി ആലോചിക്കുന്നുവെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. ജോലി അവസാനിപ്പിച്ചാലോ എന്ന ആലോചനയിലാണെന്നും ഇനിയൊരു മുഴുവന്‍ സമയ ഇന്‍ഫ്‌ളുവന്‍സര്‍ ആകാനാണ് താല്പര്യമെന്നും മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.

കൂടുതല്‍ വിശദീകരണം ഒന്നും നല്‍കാത്തതിനാലും ട്വിറ്ററില്‍ സജീവമായതിനാലും കളിയാണോ കാര്യമാണോ സംഭവം എന്ന് വ്യക്തമല്ല. നേരത്തേ തന്റെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് ഇദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ വിശദീകരിച്ചിരുന്നു. രാവും പകലും നീളുന്ന തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരല്‍പ സമയം വെറുതേ ഇരിക്കാനായെങ്കില്‍ എന്നായിരുന്നു അന്നത്തെ വാക്കുകള്‍.

ഇതുകൂടാതെ കഴിഞ്ഞ മാസം ടെസ്‌ലയിലെ തന്റെ പത്ത് ശതമാനം ഓഹരി വില്‍ക്കണോയെന്ന് ഇദ്ദേഹം ട്വിറ്ററില്‍ ചോദിച്ചിരുന്നു. നിരവധിയാളുകള്‍ വേണമെന്ന് മറുപടി പറയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പന്ത്രണ്ട് ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ മസ്‌ക് വില്‍ക്കുകയും ചെയ്തു. ടെസ്‌ലയ്ക്ക് പുറമെ സ്‌പേസ് എക്‌സ് എന്ന റോക്കറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് ഇദ്ദേഹം.

ട്വിറ്ററില്‍ സജീവമായ മസ്‌ക് പലപ്പോഴും തന്റെ ഫോളോവേഴ്‌സുമായി ട്വീറ്റുകളിലൂടെ സൗഹൃദസംഭാഷണങ്ങളിലേര്‍പ്പെടാറുണ്ട്.

Exit mobile version