ആഴ്ചകള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ ഒമിക്രോണ്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പ്

പാരിസ് : ഫ്രാന്‍സില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതല്‍ ഒമിക്രോണ്‍ കോവിഡ് രോഗബാധ രൂക്ഷമാക്കുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ചയാണ് ഫ്രാന്‍സില്‍ ആദ്യമായി ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. പാരിസില്‍ റിപ്പോര്‍ട്ട് ചെയ്ത കേസിനെത്തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.നിലവില്‍ ഡെല്‍റ്റ വകഭേദത്തിന്റെ അഞ്ചാം തരംഗത്തിലാണ് ഫ്രാന്‍സ്. ജനുവരി പകുതിയോടെ ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചേക്കാമെന്നും കടുത്ത ജാഗ്രത വേണമെന്നും ഫ്രഞ്ച് സര്‍ക്കാരിന്റെ ഉപദേഷ്ടാവ് ഡെല്‍ഫ്രൈസി ജനങ്ങളെ അറിയിച്ചു.

അമേിക്കയിലും ഇന്നലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലിഫോര്‍ണിയയില്‍ എത്തിയ ആഫ്രിക്കന്‍ സ്വദേശിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. ഇന്ത്യയിലും ഇന്നലെ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളായ രണ്ട് പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയിലെത്തിയ ഇവരില്‍ വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

അതേസമയം ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ രോഗബാധ അതിവേഗം പടരുകയാണ്. രാജ്യത്തെ ഒമ്പത് പ്രവിശ്യകളില്‍ അഞ്ചെണ്ണത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയതോടെ കോവിഡ് കേസുകളില്‍ ദ്രുതഗതിയിലുള്ള വര്‍ധനവുണ്ടായേക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version