ഫ്രഞ്ച് പതാകയുടെ നിറം മാറ്റി ഇമ്മാനുവല്‍ മക്രോണ്‍

പാരിസ് : ഫ്രഞ്ച് പതാകയുടെ നിറത്തിന് മാറ്റം വരുത്തി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇളം നീല നിറത്തില്‍ നിന്ന് 1976ന് മുമ്പുള്ള നേവി നീല നിറത്തിലേക്കാണ് നിറം മാറ്റിയിരിക്കുന്നത്. 1791ലെ പ്രഷ്യന്‍ അധിനിവേശത്തെ ചെറുത്ത വൊളന്റിയര്‍മാരോടും ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികരോടുമുള്ള ആദരസൂചകമായാണ് മാറ്റം.

എലിസീയുടെ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍ ആര്‍നോഡ് ജോലന്‍സാണ് നിറം മാറ്റത്തിന് പിന്നില്‍. പതാകയുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട് ജോലന്‍സ് പ്രസിഡന്റ് മക്രോണിനെ സന്ദര്‍ശിച്ചിരുന്നതായി മാധ്യമപ്രവര്‍ത്തകരായ എലിയറ്റ് ബ്ലോണ്ടറ്റിന്റെയും പോള്‍ ലാറോടുറോ എന്നിവരുടെയും പുസ്‌കമായ എലിസീ കോണ്‍ഫിഡന്‍ഷ്യല്‍ എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് സംഭവം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്.

പ്രസിഡന്‍സിയുടെ എല്ലാ കെട്ടിടങ്ങളിലെയും പതാകകള്‍ മാറ്റുമെന്ന് മക്രോണ്‍ ഉറപ്പ് നല്‍കിയിരുന്നതായി പുസ്തകത്തില്‍ പറയുന്നുണ്ട്. എലിസീ കൊട്ടാരത്തില്‍ നേവി നീല നിറം പ്രസിഡന്റ് ഉപയോഗിക്കുന്നതിന് മുമ്പേ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും 2018 ഡിസംബര്‍ 31 മുതലാണ് പ്രസിഡന്റിന്റെ പ്രസംഗങ്ങളില്‍ പതാകയുടെ മാറ്റം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പ്രസിഡന്റിന്റെ ലോഗോയില്‍ ലോറെയ്ന്‍ ക്രോസും 2018 മുതല്‍ ചേര്‍ത്തിരുന്നു. പതാകയുടെ നിറം മാറ്റത്തിനായി ഏകദേശം 5000 യൂറോ(4.22 ലക്ഷം രൂപ) ചിലവായിട്ടുണ്ടെന്നാണ് കണക്ക്.

Exit mobile version