ഓഫീസ് ടൈമിന് ശേഷം ഇനി ബോസ് വിളിച്ചാല്‍ പോര്‍ച്ചുഗലില്‍ കനത്ത പിഴ

ലിസ്ബണ്‍ : ഓഫീസ് ടൈമിന് ശേഷവും വിളിച്ചും ടെക്സ്റ്റ് ചെയ്തും ജോലിക്കാര്യങ്ങള്‍ ഉത്തരവിടുന്ന ബോസുമാര്‍ക്ക് ‘എട്ടിന്റെ പണി’യുമായി പോര്‍ച്ചുഗീസ് സര്‍ക്കാര്‍. ജോലി കഴിഞ്ഞ ശേഷവും ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ കനത്ത ശിക്ഷ നല്‍കാനുള്ള നിയമമാണ് സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്.

നിലവിലെ ജോലിസാഹചര്യങ്ങളുടെ പിരിമുറുക്കങ്ങളൊഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോര്‍ച്ചുഗലിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി പുതിയ തൊഴില്‍ നിയമങ്ങള്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ ജോലി സമയം കഴിഞ്ഞ് മേലധികാരി കീഴുദ്യോഗസ്ഥരെ വിളിച്ചാല്‍ കനത്ത പിഴയടയ്‌ക്കേണ്ടി വരും. ഇതോടൊപ്പം വര്‍ക്ക് ഫ്രം ഹോം സംവിധാനം കാരണം തൊഴിലാളികള്‍ക്ക് വരുന്ന അധിക ചെലവും കമ്പനി നല്‍കണമെന്ന് പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നു.

ഇതോടെ വൈദ്യുതി, ഇന്റര്‍നെറ്റ്, ഗ്യാസ് അടക്കമുള്ള അധിക ചെലവിന് കമ്പനി പണം നല്‍കേണ്ടി വരും. കൂടാതെ വീട്ടിലിരിക്കെ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുകയും മറ്റ് ജീവനക്കാര്‍ക്കൊപ്പം ഓണ്‍ലൈനായി മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതും നിയമത്തില്‍ വിലക്കുന്നുണ്ട്.

കോവിഡിനെത്തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം രീതി സ്വാഭാവികമായിട്ടുണ്ട് എന്നതിനാല്‍ മിക്കവരും ഇടവേളകള്‍ പോലുമില്ലാതെയാണ് ജോലിയെടുക്കുന്നത്. ഇത് തൊഴിലാളികള്‍ക്കിടയില്‍ മാനസിക പിരിമുറുക്കങ്ങള്‍ക്കും സമ്മര്‍ങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട് എന്നത് ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പോര്‍ച്ചുഗീസ് സര്‍ക്കാരിന്റെ പുതിയ നടപടി.

Exit mobile version