സംഗീതനിശയ്ക്കിടെ രാക്ഷസത്തിരകള്‍ ആഞ്ഞ് വീശി; കണ്ണടച്ചുതുറക്കും വേഗത്തില്‍ എല്ലാം അപ്രത്യക്ഷം, വീഡിയോ

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കിയ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 222 കടന്നു. ആയിരത്തോളം പേര്‍ക്കു പരിക്കുണ്ട്. ഇനിയും നിരവധി പേരെ കണ്ടെത്താനുമുണ്ട്.

ക്രാകതൂവ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമുദ്രാന്തര്‍ഭാഗത്തുണ്ടായ മാറ്റങ്ങള്‍ സുനാമിക്ക് വഴിവച്ചെന്നാണ് ഇപ്പോഴത്തെ നിഗമനം. അഗ്‌നിപര്‍വത സ്ഫോടനത്തിനൊപ്പം സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പ് കൊടുക്കാന്‍ അധികൃതര്‍ക്കു കഴിയാതിരുന്നതാണ് ദുരന്തം മാരകമാക്കിയത്.

സുനാമിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാന്റണ്‍ പ്രവിശ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ടാന്‍ജംഗ് ലെസംഗില്‍ സംഗീതനിശയ്ക്കിടെയാണ് തിരമാലകള്‍ ഇരമ്പിയെത്തിയത്.

സംഗീത പരിപാടി നടക്കുന്ന വേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ ലോകത്തെ നടുക്കുകയാണ്. പെരുസഹാന്‍ ലിസ്ത്രിക് നെഗേര (പിഎല്‍എന്‍) എന്ന സ്റ്റേറ്റ് ഇലക്ട്രിസിറ്റി കമ്പനി ജീവനക്കാരും കുടുംബാഗങ്ങളുമാണ് സംഗീതനിശയ്ക്കെത്തിയത്. നിമിഷനേരത്തില്‍ സംഗീതജ്ഞര്‍ തിരകളില്‍ അപ്രത്യക്ഷരായി.

അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് കടലിനടിയില്‍ ഭൗമപാളികള്‍ക്കുണ്ടായ സ്ഥാനചലനമാണ് സുനാമിക്ക് കാരണമെന്ന് ഇന്തോനേഷ്യന്‍ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിലാണ് കനത്ത നാശമുണ്ടായിരിക്കുന്നത്. ഇവിടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു.
65 അടിയോളം ഉയരത്തില്‍ തിരയടിച്ചു. ജാവയിലെ പാന്‍ഡെഗ്ലാംഗിലാണ് കൊടിയ നാശമുണ്ടായിരിക്കുന്നത്.

Exit mobile version