യെമനില്‍ വിമാനത്താവളത്തിന് സമീപം ബോംബാക്രമണം : 12 മരണം

സന : യെമനില്‍ ഏദന്‍ വിമാനത്താവളത്തിന് സമീപമുണ്ടായ ബോംബാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കാറിനുള്ളില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.

ആക്രമണത്തില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭീകരാക്രമണമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ മരിച്ചിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണത്തിലൂടെ ഏദനില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് യെമന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഗവണ്‍മെന്റ് അധികൃതരെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ യെമനില്‍ പതിവാണ്. മൂന്നാഴ്ച മുമ്പ് നിലവിലെ ഗവര്‍ണര്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു.

Exit mobile version