അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയില്‍ സ്‌ഫോടനം : 32 മരണം, നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഷിയാ പള്ളിയില്‍ വീണ്ടും സ്‌ഫോടനം. കാണ്ഡഹാര്‍ പ്രവിശ്യയിലെ ബിബി ഫാത്തിമ പള്ളിയില്‍ ഉച്ചതിരിഞ്ഞ് നടന്ന സ്‌ഫോടനത്തില്‍ 32 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.

വെള്ളിയാഴ്ചത്തെ നമസ്‌കാര ചടങ്ങുകളില്‍ വലിയതോതില്‍ ജനങ്ങള്‍ പങ്കെടുത്തിരുന്നതായി താലിബാന്‍ സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ചാവേറാക്രമണമാണെന്നാണ് പ്രാഥമിക സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച കുണ്ടൂസിലും സമാന രീതിയില്‍ ഷിയ മുസ്ലിം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം നടന്നിരുന്നു. യുഎസ് സേന ഓഗസ്റ്റില്‍ അഫ്ഗാന്‍ വിട്ടതിന് ശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ 46 പേരാണ് കൊല്ലപ്പെട്ടത്. 143പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

Exit mobile version