ക്വാഡ് ഉച്ചകോടി : പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി : ജപ്പാന്‍, ഇന്ത്യ, യുഎസ്എ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎസിലേക്ക് തിരിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പോയ മോഡി യുഎന്‍ ജനറല്‍ അസംബ്ലിയിലും പ്രസംഗിക്കും.

യുഎസുമായുള്ള തന്ത്രപ്രധാനമായ കൂട്ടുകെട്ട് ശക്തിപ്പെടുത്താനും ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള അവസരമാണ് വന്ന് ചേര്‍ന്നിരിക്കുന്നതെന്ന് മോഡി പ്രതികരിച്ചു. ഇരു രാജ്യങ്ങള്‍ക്കും സമാന താല്പര്യങ്ങളുള്ള പ്രാദേശിക-രാജ്യാന്തര വിഷയങ്ങള്‍ സംബന്ധിച്ചുള്ള ആശയവിനിമയം ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഡി, ബൈഡന്‍ എന്നിവരെക്കൂടാതെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നീ നേതാക്കളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക.ജോ ബൈഡന്‍ ആതിഥേയത്വം വഹിക്കുന്ന കോവിഡ്-19 രാജ്യാന്തര ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല അറിയിച്ചു.

Exit mobile version