സാമ്പത്തിക പ്രതിസന്ധി രൂക്ഷം : അഫ്ഗാന് 1.2 കോടി ഡോളര്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് യുഎന്‍

Afghanistan | Bignewslive

ജനീവ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന് 1.2 കോടി ഡോളര്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് യുഎന്‍. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. 60 കോടി ഡോളര്‍ രാജ്യാന്തര സഹായം വേണമെന്നും യുഎന്‍ അഭ്യര്‍ഥിച്ചു.

കടുത്ത സാമ്പത്തിക ഞെരുക്കവും ഭക്ഷ്യക്ഷാമവും നേരിടുന്ന അഫ്ഗാനില്‍ പലരും വീട്ടുസാധനങ്ങള്‍ വരെ വിറ്റുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ ഭരണത്തിലേറിയതിന് പിന്നാലെ ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടേതടക്കം വിദേശസഹായങ്ങള്‍ നിലച്ചത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. യുഎന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കാന്‍ യുഎന്‍ റിലീഫ് മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് കഴിഞ്ഞയാഴ്ച കാബൂളിലെത്തിയിരുന്നു.

അതേസമയം സ്ത്രീ അവകാശങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ താലിബാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുന്നതായ് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഷേല്‍ ബച്ചെല പറഞ്ഞു. അഫ്ഗാനിലെ പുതിയ സര്‍ക്കാരില്‍ സ്ത്രീപ്രാതിനിധ്യമില്ലെന്നും പല പ്രവിശ്യകളിലും പന്ത്രണ്ട് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ അവകാശങ്ങള്‍ മാനിക്കണമെന്നും താലിബാന്‍ സര്‍ക്കാരിന് അംഗീകാരം നല്‍കാന്‍ സമയമായിട്ടില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി ദോഹയില്‍ പറഞ്ഞു.ഞായറാഴ്ച കാബൂള്‍ സന്ദര്‍ശിച്ച ഷെയ്ഖ് മുഹമ്മദ് താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥരെയും സൈനികരെയും താലിബാന്‍ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതായാണ് വിവരം.

Exit mobile version