കാബൂള്‍ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ താലിബാനെ പരാമര്‍ശിക്കാതെ യുഎന്‍

Taliban | Bignewslive

ന്യൂഡല്‍ഹി : കാബൂള്‍ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനില്‍ താലിബാന്റെ പേര് പരാമര്‍ശിക്കാതെ യുഎന്‍ സുരക്ഷാ സമിതി. കാബൂള്‍ പിടിച്ചടക്കിയതിന് പിറ്റേന്ന് താലിബാനെ രൂക്ഷമായി വിമര്‍ശിച്ച യുഎന്‍ രണ്ടാഴ്ചയ്ക്കിപ്പുറം താലിബാനെ പാടെ അപ്രത്യക്ഷമാക്കിയിരിക്കുകയാണ്.

രാജ്യത്തിന് പുറത്ത് നിന്നുള്ള ഭീകരവാദികളെ അഫ്ഗാനിലുള്ള ഭീകരസംഘടനകള്‍ പ്രോത്സാഹിപ്പിക്കരുതെന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. സുരക്ഷാ സമിതിയുടെ ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷ പദം അലങ്കരിക്കുന്ന ഇന്ത്യ ഇതില്‍ ഒപ്പു വച്ചിട്ടുമുണ്ട്. സുരക്ഷാ സമിതിയുടെ ഓഗസ്റ്റ് 16ലെ പ്രസ്താവനയില്‍ താലിബാനോ അഫ്ഗാനിലുള്ള മറ്റേത് ഭീകരസംഘടനയോ രാജ്യത്തെ ഭീകരവാദികളെ സഹായിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു.

രണ്ട് പ്രസ്താവനകളിലെയും വ്യത്യാസത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെ ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്ന സെയ്ദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. T എന്ന വാക്ക് അപ്രത്യക്ഷമായിരിക്കുന്നു എന്നാണ് അദ്ദേഹം താലിബാനെ ഉദ്ദേശിച്ച് പറഞ്ഞത്.

അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയതിനെ ഇന്ത്യ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് അഫ്ഗാനിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ അഫ്ഗാനില്‍ എത്ര ഇന്ത്യക്കാര്‍ ഉണ്ടെന്നറിയില്ലെന്നാണ് വെള്ളിയാഴ്ച പറഞ്ഞത്. അഫ്ഗാനിലെ സംഭവവികാസങ്ങള്‍ സസൂഷ്മം വിലയിരുത്തുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Exit mobile version