രക്ഷാദൗത്യത്തിനിടെ യുഎസ് വിമാനത്തിൽ ജനിച്ച കുഞ്ഞിന് വിമാനത്തിന്റെ പേര് നൽകി അഫ്ഗാൻ ദമ്പതികൾ

ബെർലിൻ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിനിടെ യുഎസ് സൈനികവിമാനത്തിൽ ജനിച്ച കുഞ്ഞിന് വിമാനത്തിന്റെ രഹസ്യകോഡ് പേരായി നൽകി ദമ്പതിമാർ. തങ്ങളെ രക്ഷിക്കുകയും പരിചരിക്കുകയും ചെയ്ത യുഎസ് സൈന്യത്തോടുള്ള ആദരവ് ഉൾക്കൊണ്ടുകൊണ്ടു കുഞ്ഞിന് റീച്ച് എന്ന പേരാണ് അഫ്ഗാൻ ദമ്പതികൾ നൽകിയത്.

യുഎസ് വ്യോമസേനാ വിമാനങ്ങൾ മറ്റു വിമാനങ്ങളുമായും ടവറുകളുമായും ആശയവിനിമയം നടത്തുന്നത് പ്രത്യേക കോഡുകളുപയോഗിച്ചാണ്. അഫ്ഗാൻ കുടുംബത്തെ എത്തിച്ച വിമാനത്തിന്റെ കോഡ് റീച്ച് 828 എന്നായിരുന്നു. തുടർന്നാണ് കുഞ്ഞിന് റീച്ച് എന്ന് പേര് നൽകിയത്.

ശനിയാഴ്ച അഫ്ഗാനിസ്താനിൽ നിന്നു പുറപ്പെട്ട വിമാനം ജർമ്മനിയിലെ യുഎസ് മിലിട്ടറി ബേസിലെത്തുന്നതിന് മുൻപാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വിമാനം ജർമ്മനിയിലെത്തിയ ഉടൻ മറ്റ് ആരോഗ്യ ജീവനക്കാരുടെ സഹായത്തോടെ യുവതി കുഞ്ഞിന് ജന്മം നൽകി.

റീച്ചും മാതാപിതാക്കളും മറ്റ് അഫ്ഗാൻ അഭയാർഥികൾക്ക് ഒപ്പം യുഎസിലേക്ക് പോകുമെന്ന് യുഎസ് യൂറോപ്യൻ കമ്മാൻഡ് ജനറർ ടോഡ് വോൾട്ടേഴ്‌സ് പറഞ്ഞു.

Exit mobile version