അഫ്ഗാന്‍ രക്ഷാദൗത്യത്തിനിടെ അമേരിക്കന്‍ വിമാനത്തില്‍ യുവതി പ്രസവിച്ചു; അമ്മയ്ക്കും നവജാതശിശുവിനും കരുതലൊരുക്കി രക്ഷാസേന

കാബൂള്‍: താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ നവജാത ശിശുവിനും അമ്മയ്ക്കും കരുതലൊരുക്കി അമേരിക്കന്‍ രക്ഷാസേന. അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്ന ജനങ്ങളെ പരമാവധി സുരക്ഷിതമായി വിവിധ ഇടങ്ങളിലെത്തിക്കുകയാണ് അമേരിക്കന്‍ സേന. ഇതിനിടെയാണ് അഫ്ഗാന്‍ സ്വദേശിയായ യുവതി അമേരിക്കയുടെ സി-17 രക്ഷാ വിമാനത്തില്‍ പ്രസവിച്ചത്.

അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാനുളള ജര്‍മനിയിലെ രംസ്‌തേന്‍ എയര്‍ബേസിലേക്കുളള യാത്രക്കിടെയാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചെന്ന് അമേരിക്കന്‍ സേന അറിയിച്ചു. ഇരുവരെയും യുഎസ് മെഡിക്കല്‍ ടീമിന് കൈമാറി.

അഫ്ഗാനില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാബൂള്‍ വിമാനത്താവളത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരണമടഞ്ഞിരുന്നു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് വിവരമറിയിച്ചത്.

അഫ്ഗാനിലെ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ട്. ഇന്ന് യുഎഇയും തയ്യാറാണെന്ന് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമെന്നാണ് അഫ്ഗാന്‍ ദൗത്യത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്.

Exit mobile version