ഹെയ്തിയില്‍ ഭൂകമ്പം : മരണം 300 കവിഞ്ഞു , രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ

Earthquake | Bignewslive

പോര്‍ട്ട്-ഒ-പ്രിന്‍സ് : കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണം 300 കവിഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരത്തോളം വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട്-ഒ-പ്രിന്‍സില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ തുടര്‍ചലനങ്ങളുണ്ടായി.

പോര്‍ട്ട്-ഒ-പ്രിന്‍സില്‍ വരെ പ്രകമ്പനമുണ്ടായതായാണ് വിവരം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഹെയ്തി തീരത്ത് സുനാമിയോ മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

2010 ജനുവരിയില്‍ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പേര്‍ മരിച്ചിരുന്നു. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഒന്നരലക്ഷം പേര്‍ ഭവനരഹിതരായി.

Exit mobile version