അഫ്ഗാനില്‍ സ്ത്രീകളെ താലിബാന്‍ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

Women | Bignewslive

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കുന്നതിനൊപ്പം തന്നെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകളെ താലിബാന്‍ തങ്ങളുടെ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തിന്റെ വലിയൊരു ഭാഗം തങ്ങളുടെ അധീനതയിലായെന്ന് അവകാശപ്പെടുന്ന താലിബാന്‍ സര്‍ക്കാര്‍ ജീവനക്കാരും സാധാരണക്കാരും സൈനികരും ഭയപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. എന്നാലിതിന് വിപരീതമാണ് താലിബാന്റെ പ്രവര്‍ത്തനങ്ങളെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.പിടിച്ചെടുന്ന പ്രദേശങ്ങളിലെ അഫ്ഗാന്‍ സൈനികരെ താലിബാന്‍ കൊലപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും യുദ്ധകുറ്റം ചുമത്തുമെന്നും യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി.

അഫ്ഗാനിലെ 12 പ്രവിശ്യാ തലസ്ഥാനങ്ങള്‍ ഇതിനോടകം കീഴടക്കിയ താലിബാന്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും കീഴ്‌പ്പെടുത്തിയിരുന്നു. പിടിച്ചെടുത്ത പ്രദേശങ്ങളിലെ സാധാരണക്കാര്‍ക്ക് നേരെയും ഇവര്‍ ആക്രമണം നടത്തുന്നതായാണ് വിവരം. ആക്രമണത്തെത്തുടര്‍ന്ന് ജനങ്ങള്‍ തലസ്ഥാനമായ കാബൂളിലേക്ക് പലായനം ചെയ്യുകയാണ്.

Exit mobile version