സ്റ്റേറ്റ് ബാങ്കിലേക്ക് 20 കോടി രൂപയുമായി വന്ന വാനുമായി ഡ്രൈവർ മുങ്ങി; ഒരു തുമ്പുമില്ലാതെ പാക് പോലീസ്; ആറ് മാസം മുമ്പ് വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നെന്ന് കുടുംബം

കറാച്ചി: പാകിസ്താനിലെ സ്റ്റേറ്റ് ബാങ്കിലേക്ക് 20 കോടി പാക് കറൻസി കൊണ്ടുവരുന്നതിനിടെ വാനുമായി ഡ്രൈവർ കടന്നുകളഞ്ഞു. പാകിസ്താനിലെ വാൾസ്ട്രീറ്റ് എന്നറിയപ്പെടുന്ന അതീവ സുരക്ഷാകേന്ദ്രമായ ചന്ദ്രിഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളുടെയും ആസ്ഥാനം ചന്ദ്രിഗറിലാണ്.

ആഗസ്റ്റ് 9നാണ് സംഭവം നടന്നതെങ്കിലും ഇതുവരെ ഡ്രൈവർ ഹുസൈൻ ഷായെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പണവുമായി വന്ന വാൻ പാകിസ്താൻ സ്റ്റേറ്റ് ബാങ്കിനു മുന്നിൽ നിർത്തിയിട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സുരക്ഷാ ജീവനക്കാരൻ ബാങ്കിന് അകത്തേക്കു പോയ കുറഞ്ഞ സമയത്തിനുള്ളിലാണ് ഡ്രൈവർ വാനുമായി കടന്നുകളഞ്ഞത്. ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടേതാണ് വാനും ഡ്രൈവറും.

സുരക്ഷാനടപടിക്രമങ്ങൾ പൂർത്തിയാക്കി താൻ തിരിച്ചെത്തിയപ്പോൾ വാൻ കണ്ടില്ലെന്ന് ജീവനക്കാരൻ മുഹമ്മദ് സലീം പറഞ്ഞു. ഡ്രൈവർ ഹുസൈൻ ഷായെ വിളിച്ചപ്പോൾ അത്യാവശ്യകാര്യത്തിന് പോയിരിക്കുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അറിയിച്ചു.

പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഏതാനും കിലോമീറ്റർ അകലെ നിന്നായി വാൻ കണ്ടെത്തി. എന്നാൽ പണവും വാനിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങളും ക്യാമറയും എല്ലാം ഹുസൈൻ ഷാ കടത്തിക്കൊണ്ടു പോയിരുന്നു.

കേസിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി ഡ്രൈവറുടെ പിതാവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ആറുമാസം മുൻപ് ഇയാളെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നെന്നാണ് പിതാവ് മൊഴി നൽകിയിരിക്കുന്നത്.

Exit mobile version