ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ അക്രമം : ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍

South Africa | Bignewslive

ജൊഹനാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രി ഡോ.നലേദി പാന്‍ഡോറുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ആശയവിനിമയം നടത്തി.

സാധാരണഗതിയും സമാധാനവും പുനസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അങ്ങേയറ്റം ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി അറിയിച്ചതായി അദ്ദേഹം പറഞ്ഞു.ദക്ഷിണാഫ്രിക്കയുടെ മുന്‍പ്രസിഡന്റ് ജോക്കബ് സുമ ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ രാജ്യത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വലിയ തോതില്‍ സഹായ അഭ്യര്‍ഥന ഉണ്ടായതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി സഞ്ചയ് ഭട്ടാചാര്യ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യയിലെ ഹൈക്കമ്മിഷണറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

കോടതിയലക്ഷ്യത്തിനാണ് 79കാരനായ സുമയെ 15 മാസത്തേക്ക് കോടതി ശിക്ഷിച്ചത്. സുമയുടെ ഭരണകാലത്ത് നടന്നെന്ന് ആരോപിക്കുന്ന അഴിമതികളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൊഴി കൊടുക്കാന്‍ സുമ വിസമ്മതിച്ചതോടെയാണ് ശിക്ഷിച്ചത്.അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.ഇന്ത്യക്കാര്‍ ഏറെയുള്ള ഡര്‍ബന്‍, പീറ്റര്‍മാര്‍ട്ടിസ്‌ബെര്‍ഗ്, ജൊഹനാസ്‌ബെര്‍ഗ് എന്നിവിടങ്ങളിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.

ഇന്ത്യന്‍ വംശജരായ ആഫ്രിക്കക്കാരുടെയും വ്യാപാരശാലകളിലും മാളുകളിലും കൊള്ള നടക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ എഴുപതിലധികം ആളുകള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗവും ഉന്തിലും തള്ളിലും പെട്ടാണെന്നാണ് വിവരം. പതിമൂന്ന് ലക്ഷം ഇന്ത്യക്കാരാണ് ദക്ഷിണാഫ്രിക്കയിലുള്ളത്.

Exit mobile version