ഇന്ത്യന്‍ വകഭേദം പടരുന്നു; ചൈനയില്‍ രണ്ടിടത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ബെയ്ജിങ്: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചൈനീസ് നഗരമായ ഗുവാങ്ഷുവില്‍ രണ്ടിടത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചൈനയുടെ തെക്കന്‍ വ്യാവസായികോല്‍പാദന മേഖലയിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമാണ് മേഖലയില്‍ വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഗവ്യാപനം വര്‍ധിച്ചതോടെ നഗരത്തില്‍ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒന്നരക്കോടിയാളം ജനങ്ങളുള്ള നഗരമാണ് ഗുവാങ്ഷു.

പുതിയതായി 11 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ 30 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു.

കോവിഡിന്റെ പ്രഭവകേന്ദ്രമായി കരുതുന്ന ചൈനയില്‍ ആകെ 91,122 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 4636 പേര്‍ മരിച്ചു. നിലവില്‍ 337 പേര്‍ ചികിത്സയിലുണ്ട്.

Exit mobile version