ട്രംപിനെ ‘വിറ്റുകാശാക്കി’ ചൈന; ധ്യാനനിമഗ്നനായി ഇരിക്കുന്ന ട്രംപിന്റെ പ്രതിമകള്‍ക്ക് വന്‍ സ്വീകാര്യത, ഒരു പ്രതിമയ്ക്ക് വില 44,707 രൂപ!

Donald Trump | Bignewslive

ബീയ്ജിങ്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിമകള്‍ വിറ്റഴിച്ച് ലാഭം കൊയ്ത് ചൈന. ചൈനീസ് ഇകൊമേഴ്‌സ് കമ്പനിയായ താവോബവോ ആണ് ലാഭം കൊയ്യുന്നത്. ബുദ്ധനെപ്പോലെ ധ്യാനനിമഗ്‌നനായി ട്രംപ് ഇരിക്കുന്ന പ്രതിമകള്‍ പണിതാണ് കമ്പനി വിറ്റ് കാശുണ്ടാക്കുന്നത്. രണ്ടു വ്യത്യസ്ത അളവിലുള്ള പ്രതിമകള്‍ ലഭ്യമാണ്.

4.6 മീറ്റര്‍ വലുപ്പത്തില്‍ ഉള്ളതിന് 3999 യുവാനും (44,707 രൂപ) 1.6 മീറ്റര്‍ വലുപ്പമുള്ളതിന് 999 യുവാനും (11,168 രൂപ) ആണ് വില. ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന ട്രംപിന്റെ വാചകമാണ് പ്രതിമ നിര്‍മിക്കാനുള്ള പ്രചോദനമെന്ന് കമ്പനിയുടമ പറയുന്നു. ചൈനീസ് ഉല്‍പന്നങ്ങളില്‍ ഈ ആശയം സംയോജിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ചെറിയ കൗതുകത്തിനാണ് പ്രതിമകള്‍ നിര്‍മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ 100 ലധികം പ്രതിമകള്‍ നിര്‍മിച്ചെന്നും ഒരു ഡസനോളം വിറ്റുപോയെന്നും അദ്ദേഹം വ്യക്തമാക്കി. ‘ട്രംപിനെ ഒരു യുഗത്തിന്റെ പ്രതിനിധിയായി കണക്കാക്കാം.

അങ്ങേയറ്റത്തെ അഹംഭാവം നിറഞ്ഞ ആളായിരുന്നു അദ്ദേഹം. ആ യുഗം കടന്നുപോയി. ഒരാളില്‍ ട്രംപിന്റെ അംശങ്ങള്‍ ഒരുപാട് ഉണ്ടാകരുതെന്ന് സന്ദേശം നല്‍കാനാണ് ബുദ്ധനുമായി അദ്ദേഹത്തെ സംയോജിപ്പിച്ചതെന്നും കമ്പനിയുടമ കൂട്ടിച്ചേര്‍ത്തു.

Exit mobile version