മദ്യമെന്ന് തെറ്റിദ്ധരിച്ച് ആന്റിഫ്രീസ് കഴിച്ചു; സൈനികര്‍ അതീവഗുരുതരാവസ്ഥയില്‍

വാഷിങ്ടണ്‍: മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ആന്റിഫ്രീസ് കഴിച്ച സൈനികര്‍ ഗുരുതരാവസ്ഥയില്‍. യുഎസ് സൈനികര്‍ക്കാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. പതിനൊന്ന് സൈനികരെ ടെക്സാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് സൈനികവിഭാഗം ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു.

വ്യാഴാഴ്ചയാണ് സംഭവം. എല്‍ പാസോയിലെ ഫോര്‍ട്ട് ബ്ലിസില്‍ നിന്നുള്ള സൈനികര്‍ പത്ത് ദിവസത്തെ പ്രത്യേക പരിശീലനത്തിനായാണ് ടെക്സാസിലെ സൈനിക ആസ്ഥാനത്തെത്തിയത്. പരിശീലനത്തിനിടെ സൈനികര്‍ക്ക് മദ്യപാനം അനുവദനീയമല്ല.

ചികിത്സയിലുള്ള സൈനികരുടെ ഉള്ളില്‍ ചെന്നിരിക്കുന്നത് എഥിലീന്‍ ഗ്ലൈക്കോളാണെന്ന് തിരിച്ചറിഞ്ഞതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. സര്‍വസാധാരണമായി ഉപയോഗിച്ചു വരുന്ന ആന്റിഫ്രീസാണ് എഥിലീന്‍ ഗ്ലൈക്കോള്‍. ശീതീകരണ നിയന്ത്രണപദാര്‍ഥങ്ങളായ ആന്റിഫ്രീസ്, ലായനികളെ ഉറഞ്ഞുകൂടുന്നതില്‍ നിന്ന് നിയന്ത്രിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്.

ആന്റിഫ്രീസ് ഉള്ളിലെത്തിയാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയും മരണത്തിലേക്ക് നയിക്കാനിടയാക്കുകയും ചെയ്യും. മദ്യമെന്ന് തെറ്റിദ്ധരിച്ച് കുടിക്കാനിടയാകുന്നതിനാല്‍ നിരവധി മരണങ്ങള്‍ക്കും ആന്റിഫ്രീസ് കാരണമായിട്ടുണ്ട്. അപസര്‍പ്പക നോവലുകളില്‍ കൊലപാതകങ്ങള്‍ക്കായി ഉപയോഗിക്കുന്ന വസ്തുവായി ആന്റിഫ്രീസിനെ ചിത്രീകരിച്ച് കാണാറുണ്ട്.

Exit mobile version