തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടം; യുഎസിനെ നാണംകെടുത്തി; ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്‌തേക്കും

donald trmp | World news

വാഷിങ്ടൻ: പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞ് അധികാര കൈമാറ്റത്തിന് തയ്യാറാകാതെ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ട്രംപിന്റെ അനുയായികൾ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അക്രമങ്ങൾക്ക് പിന്നാലെ ട്രംപിന് കുരുക്ക്. ഈ ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകിയെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ തിങ്കളാഴ്ച ജനപ്രതിനിധിസഭയിൽ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാർട്ടി.

സ്ഥാനമൊഴിയാൻ വെറും പത്തുദിവസം മാത്രം ശേഷിക്കെ ഈ നടപടി ട്രംപിന് വലിയ നാണക്കേടാകും. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് വരുന്നത്. അധികാരദുർവിനിയോഗം ആരോപിച്ച് 2019ൽ ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയെങ്കിലും പിന്നീട് സെനറ്റ് അത് തള്ളുകയായിരുന്നു. ട്രംപ് തൽസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

അതേസമയം, നടപടി രാഷ്ട്രീയപ്രേരിതവും രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ആയിരുന്നു വൈറ്റ് ഹൗസ് പ്രതികരണം. ട്രംപിന്റെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക് അനിശ്ചിതകാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

അക്രമങ്ങൾക്ക് ഇനിയും പ്രേരിപ്പിക്കാതിരിക്കാനെന്ന് ട്വിറ്ററും ഫേസ്ബുക്കും വിശദീകരിക്കുന്നത്. നേരത്തെ കാപ്പിറ്റോൾ കലാപത്തെ തുടർന്ന് 12 മണിക്കൂർ ട്രംപിനു ട്വിറ്റർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Exit mobile version