നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ലോകാരോഗ്യ സംഘടന

who | big news live

ജനീവ: ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന. പുതിയ കൊറോണ വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്.

‘കൊവിഡ് വ്യാപനത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ വൈറസിന്റെ വ്യാപനനിരക്ക് ഇതിലും അധികമാകുന്നത് നാം കാണുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നു. ശരിയായ രീതിയിലാണ് പുതിയ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല’ എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ അടിയന്തരവിഭാഗം മേധാവി മൈക്കല്‍ റയാന്‍ പറഞ്ഞത്. അതേ സമയം പുതിയ വൈറസിനെ നിസാരമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വൈറസിനെ പൂര്‍ണമായും നിയന്ത്രിക്കാന്‍ നാമിപ്പോള്‍ ചെയ്യുന്നത് കുറച്ചു കൂടി ഗൗരവമായും കുറച്ചു കാലത്തേക്ക് കൂടിയും തുടര്‍ന്നാല്‍ മതിയാകും. വൈറസിന്റെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാലും അല്‍പം കൂടി കഠിനമായി പരിശ്രമിച്ചാല്‍ നമുക്കിതിനെ തുരത്താനാവുമെന്നും മൈക്കല്‍ റയാന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസിന് പഴയതിനേക്കാള്‍ 70 ശതമാനത്തിലേറെ വ്യാപനനിരക്കുള്ളതിനാല്‍ നിയന്ത്രണാതീതമായ സാഹചര്യമാണുള്ളതെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരത്തെ പ്രസ്താവിച്ചിരുന്നത്. ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. മുപ്പതോളം രാജ്യങ്ങളാണ് അതിര്‍ത്തികള്‍ അടച്ച് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.

Exit mobile version