ഇത് പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണ‌ക്കേണ്ട സമയം തന്നെ; ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയിട്ടും നിലപാട് മാറ്റാതെ ട്രൂഡോ, പിന്തുണ കര്‍ഷകര്‍ക്ക് തന്നെ

Canada PM Trudeau | bignewslive

ഓട്ടാവ: ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയിട്ടും നിലപാട് മാറ്റാതെ ഉറച്ച ശബ്ദത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇത് പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്‌ക്കേണ്ട സമയം തന്നെയെന്ന് അദ്ദേഹം പ്രതികരിച്ചു. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കര്‍ഷക മാര്‍ച്ച് നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രൂഡോ രംഗത്തെത്തിയിരുന്നു.

സമാധാനമായി പ്രതിക്ഷേധിക്കുന്ന കര്‍ഷകരുടെ അവകാശ സംരക്ഷണത്തിന് കാനഡയുടെ പൂര്‍ണ്ണ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. ഇത്തരത്തില്‍ സമാധാന പരമായ കര്‍ഷക പ്രതിഷേധത്തില്‍ ശ്രദ്ധ ചെലുത്താതിരിക്കാന്‍ എനിക്ക് കഴിയില്ല. കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കേണ്ട സമയമാണിത്. കര്‍ഷകരുടെ സമാധാനപരമായുള്ള പ്രതിക്ഷേധങ്ങളെ സംരക്ഷിക്കാന്‍ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും നമ്മള്‍ ഒറ്റ കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും ട്രൂഡോ പറഞ്ഞിരുന്നു.

പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കാനഡ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചിരുന്നു. ട്രൂഡോയും മറ്റ് മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും പുറപെടുവിച്ച അഭിപ്രായങ്ങളും പരാമര്‍ശവും സ്വീകാര്യതയില്ലാത്തതും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കൈ കടത്തലാണെന്ന് കനേഡിയന്‍ ഹൈക്കകമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചിരുന്നു. പിന്നാലെയാണ് ട്രൂഡോ വീണ്ടും ഉറച്ച നിലപാടുമായി രംഗത്തെത്തിയത്. അതേസമയം, കര്‍ഷകരുടെ സംരക്ഷണത്തിനും സമാധാനപരമായ സമരത്തിനും പിന്തുണച്ച് സംസാരിച്ച ആദ്യ വിദേശ പ്രധാനമന്ത്രി കൂടിയായിരുന്നു ട്രൂഡോ.

ഇതിനു പുറമെ. മോഡി സര്‍ക്കാരിന്റെ കര്‍ഷക സംഘടനകളുമായി നടത്തുന്ന ചര്‍ച്ചകളെ ട്രൂഡോ അനുകൂലിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. ലോകത്തെവിടെയും സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്കൊപ്പമാണ് കാനഡയെന്നും, അതോടൊപ്പം പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി.

Exit mobile version