‘കൊവിഡ് വാക്സിന്‍ സ്വീകരിക്കില്ല, അതെന്റെ അവകാശമാണ്; ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോ

jair bolsonaro | big news live

ബ്രീസിലിയ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. ‘ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ അത് എടുക്കാന്‍ പോകുന്നില്ല. അത് എന്റെ അവകാശമാണ്’ എന്നാണ് ജൈര്‍ ബൊല്‍സൊനാരോ പറഞ്ഞത്. ബ്രസീലുകാരോട് വാക്സിന്‍ എടുക്കാന്‍ തന്റെ ഭരണകൂടം ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് ബ്രസീല്‍ പ്രസിഡന്റ് നടത്തിയ വിവാദ പ്രസ്താവനകളുടെ നീണ്ട പട്ടികയില്‍ ഏറ്റവും പുതിയതാണിത്. നേരത്തേ കൊവിഡിനെ ഒരു ചെറിയ പനിയുമായി താരതമ്യപ്പെടുത്തിയ ബൊല്‍സൊനാരോ ബ്രസീലുകാരുടെ രോഗപ്രതിരോധ ശേഷി വളരെ ശക്തമാണെന്നും അവരെ ഒന്നിനും പിടികൂടാനാവില്ലെന്നും വാദിച്ചിരുന്നു.

എന്നാല്‍ ജൂലൈയില്‍ ബൊള്‍സനാരോക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം കൊവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. വാക്സിന്‍ വ്യാപകമായി ലഭ്യമാകുമ്പോള്‍ ബ്രസീലുകാര്‍ക്ക് വാക്സിനേഷന്‍ ആവശ്യമില്ലെന്നും ബൊല്‍സൊനാരോ നേരത്തെ പറഞ്ഞിരുന്നു. തന്റെ നായയ്ക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുള്ളൂവെന്നാണ് ഒക്ടോബറില്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version