യുഎസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; എട്ടുപേര്‍ക്ക് പരിക്കേറ്റു, അക്രമി രക്ഷപ്പെട്ടു

വാഷിങ്ടണ്‍: യുഎസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്. വിസ്‌കോസിനിലെ വോവറ്റോസ മേഫെയര്‍ മാളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. യുഎസ് പോലീസ് ആണ് ഈ വിവരം അറിയിച്ചത്. അതേസമയം അക്രമി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.


വെടിവെപ്പ് നടത്തിയയാള്‍ അടിയന്തര സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ രക്ഷപ്പെട്ടതായാണ് വോവറ്റോസ പോലീസ് വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 20നും 30 നും ഇടയില്‍ പ്രായമുള്ള വെളുത്തവര്‍ഗക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി.

വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ആരുടേയും നില ഗുരുതരമല്ലെന്നുമാണ് പ്രാഥമികവിവരം. അതേസമയം മാളില്‍ ഇത്തരത്തിലൊരു അനിഷ്ടസംഭവം ഉണ്ടായതില്‍ അതീവ ദുഃഖമുണ്ടെന്ന് മാളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കമ്പനി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള നന്ദിയും കമ്പനി വക്താവ് അറിയിച്ചു.

Exit mobile version