വീടിന്റെ മേൽക്കൂരയിൽ വന്നു പതിച്ചത് ഉൽക്ക ശില; ഒറ്റദിവസം കൊണ്ട് ശവപ്പെട്ടി നിർമ്മാതാവായ യുവാവ് കോടീശ്വരൻ

സുമാത്ര: പുറത്ത് പണിയെടുക്കുന്നതിനിടെ വീടിന് മേൽക്കൂര തകർത്ത് താഴേക്ക് പതിച്ച ചുട്ടുപൊള്ളുന്ന പാറക്കഷ്ണം തന്നെ കോടീശ്വരനാക്കുമെന്ന് ഈ യുവാവ് പോലും വിചാരിച്ചിരുന്നില്ല. എന്നാൽ വീട് തകർത്ത് വീണത് ഉൽക്കയാണെന്ന് ലോകം തന്നെ മനസിലാക്കിയതോടെ ശവപ്പെട്ടി നിർമ്മാണ സ്ഥാപനം നടത്തുന്ന 33 കാരനായ ജോസുവ ഹുത്തഗാലുംഗ കോടീശ്വരനായി മാറുകയായിരുന്നു. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റിലാണ് യുവാവിന്റെ വീട് മുകളിൽ ഉൽക്ക വന്ന പതിച്ചത്.

വലിയ ശബ്ദമായിരുന്നു. വീടിന്റെ ചില ഭാഗങ്ങൾ കുലുങ്ങി, എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. പിന്നീടാണ് വീടിന്റെ മേൽക്കൂര തകർന്നതായി മനസിലായത്. ടെറസിന് മുകളിൽ കയറി പരിശോധിച്ചപ്പോഴാണ് ഉൽക്ക ശില കിടക്കുന്നതുകണ്ടത്. പെട്ടെന്ന് അത് എടുക്കാൻ ശ്രമിച്ചെങ്കിലും, ചുട്ടുപൊള്ളുന്ന ചൂടായിരുന്നു അതിന്- ജോസുവ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ.

പിന്നീട് ജോസുവ ഉൽക്കാശിലയുടെ ഫോട്ടോകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തതോടെയാണ് ജോസുവയുടെ തലവിധി തന്നെ മാറി മറിഞ്ഞത്. സംഭവം വൈറലായതോടെ പലരും ഉൽക്ക വിലയ്ക്ക് വാങ്ങാനെത്തി. ഉൽക്കശിലകൾ ശേഖരിക്കുന്ന അമേരിക്കയിലെ ജേർഡ് കോളിൻസിനാണ് ഒടുവിൽ ജോസുവ കോടികണക്കിന് രൂപ പ്രതിഫലം പറ്റി ഇത് വിറ്റത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ മെറ്റോറൈറ്റ് സ്റ്റഡീസിലെ സഹപ്രവർത്തകൻ ജയ് പിയാറ്റെക്കിന് കോളിൻസ് ഇത് മറിച്ചുവിറ്റതായും റിപ്പോർട്ടുണ്ട്.

ജോസുവയുടെ ടെറസിൽ വന്നുവീണ ഉൽക്കാശില 450 കോടിയിലേറെ വർഷങ്ങൾ പഴക്കമുള്ളതാണ്. ഉൽക്കശിലയ്ക്ക് കിട്ടിയ തുക കൃത്യമായി ജോസുവ വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം 13 കോടിയോളം രൂപയ്ക്കാണ് ഈ ഉൽക്ക ജോസുവ വിറ്റതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 30 വർഷം ശവപ്പെട്ടി നിർമ്മിച്ചാൽ ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതലാണ് തനിക്ക് കിട്ടിയ തുടകയെന്ന് മാത്രമാണ് ജോസുവ പറയുന്നത്. ഇപ്പോൾ കിട്ടിയ പണം ഉപയോഗിച്ച് തന്റെ ഗ്രാമത്തിൽ ഒരു ആരാധനാലയം പണിയാനാണ് ജോസുവയുടെ ആലോചന.

Exit mobile version