ലോകത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റെക്കോഡിലെത്തിയെന്ന് ലോകാരോഗ്യസംഘടന

ജനീവ: ആഗോളതലത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റെക്കോഡിലെത്തിയെന്ന് ലോകാരോഗ്യസംഘടന. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത് 6,60,905 പേര്‍ക്കാണ്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. വെള്ളിയാഴ്ച 6,45,410 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബര്‍ ഏഴിന് 6,14,013 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ ചൈനയ്ക്കുപിന്നാലെ വൈറസ് ബാധ പടര്‍ന്നുപിടിച്ച ഇറ്റലി പിന്നീട് കൊവിഡിനെ നിയന്ത്രിച്ചിരുന്നു. എന്നാല്‍, ഒക്ടോബര്‍ അവസാനത്തോടെ വ്യാപനത്തിന്റെ രണ്ടാംഘട്ട സൂചനകള്‍ നല്‍കി. ശരാശരി 30,000ത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത പത്തുദിവസം രോഗത്തെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായിരിക്കുമെന്നാണ് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്‌പെര്‍നാസ പ്രതികരിച്ചത്.

ബ്രിട്ടനില്‍ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഡിസംബര്‍ രണ്ട് വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പുതിയ കേസുകളുടെ എണ്ണത്തില്‍ നേരിയകുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മിഷിഗന്‍, വാഷിങ്ടണ്‍, കാലിഫോര്‍ണിയ, ടെക്‌സാസ്, നോര്‍ത്ത് ഡെക്കോട്ട ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്‌കൂളുകളും കോളേജുകളും അടയ്ക്കാനും ഭക്ഷണശാലകളില്‍ ഭക്ഷണം വിളമ്പുന്നതും കായിക മത്സരങ്ങളും നിര്‍ത്തിവെക്കാനും മിഷിഗന്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്‌മെര്‍ ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുപിന്നാലെ യുഎസില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായിട്ടുണ്ട്. പ്രതിദിനരോഗികളുടെ എണ്ണം ഒരുലക്ഷത്തിലേറെയാണ്.

അതേസമയം കൊവിഡ് വൈറസിന്റെ ഉദ്ഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനയില്‍ നിലവില്‍ 385 ആക്ടീവ് കേസുകളാണ് ഉള്ളത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ മറ്റുരാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഭക്ഷ്യസാധന പാക്കേജുകളില്‍ കൊവിഡ് വൈറസിനെ കണ്ടെത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Exit mobile version